പ്രതിമാസം 1000 രൂപ സർക്കാർ സഹായം; സ്ത്രീ സുരക്ഷാ പദ്ധതിയിൽ ഇന്ന് മുതൽ അപേക്ഷിച്ചു തുടങ്ങാം

സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ നടപ്പാക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതിയുടെ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി. തിങ്കളാഴ്ച മുതൽ (ഡിസംബർ 22) ഇതിനായി അപേക്ഷിച്ചു തുടങ്ങാം.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, മറ്റ് വരുമാന മാർഗങ്ങളില്ലാത്ത സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്നതാണ് പദ്ധതി. ksmart.lsgkerala.gov.inഎന്ന വെബ്‌സൈറ്റിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്..

നിലവിൽ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കൾ അല്ലാത്ത 35നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കും ഇതിനായി അപേക്ഷിക്കാം.കൂടാതെ കേരളത്തിൽ സ്ഥിരതാമസക്കാരായിരിക്കണം.

അപേക്ഷയോടൊപ്പം വയസ് തെളിയിക്കുന്നതിനായി ജനന സർട്ടിഫിക്കറ്റ്, സ്‌കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, പാസ്‌പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണം. ഇവ ലഭ്യമല്ലാത്തവർക്ക് മെഡിക്കൽ ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണ്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഐഎഫ്എസ്സി കോഡ്, ആധാർ വിവരങ്ങൾ എന്നിവയും അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും ഉൾപ്പെടുത്തണം.ഗുണഭോക്താവ് മരണപ്പെട്ടാൽ ആനുകൂല്യം അവകാശികൾക്ക് കൈമാറാൻ വ്യവസ്ഥയില്ല. ഗുണഭോക്താവ് ഒരു മാസമോ അതിൽ അധികമോ ജയിൽ ശിക്ഷ അനുഭവിക്കുകയോ റിമാൻഡ് ചെയ്യപ്പെടുകയോ ചെയ്താൽ ആ കാലയളവിലെ ധനസഹായം ലഭിക്കില്ല. തെറ്റായ വിവരങ്ങൾ നൽകി ആനുകൂല്യം കൈപ്പറ്റുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 18% പലിശ സഹിതം തുക തിരിച്ചുപിടിക്കുമെന്നും പ്രിൻസിപ്പൽ ഡയറക്ടർ പുറത്തിറക്കിയ അറിയിപ്പിൽ അറിയിച്ചിട്ടുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply