പ്രതിപക്ഷ നിലപാട് മയക്കുമരുന്നിനെതിരായ പോരാട്ടം ദുർബലപ്പെടുത്തും: മന്ത്രി രാജേഷ്

മയക്കുമരുന്ന് വിഷയത്തിൽ ഇന്ന് സഭയിൽ പ്രതിപക്ഷം സ്വീകരിച്ച നിലപാട്, മയക്കുമരുന്നിനെതിരായ പോരാട്ടത്തെ ദുർബലപ്പെടുത്തുന്നതാണെന്ന് മന്ത്രി എംബി രാജേഷ്. ഇന്ന് നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലെ വാക്പോരിനെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞ ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

മയക്കുമരുന്നിനെതിരെ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ യോജിച്ച പോരാട്ടം നടക്കുന്നുണ്ട്. ഇത് ജനങ്ങളിൽ ആത്മവിശ്വാസം സൃഷ്ടിച്ചിട്ടുണ്ട്. ജനകീയ ഐക്യമാണ് ഈ പോരാട്ടത്തിന്റെ കരുത്ത്. എന്നാൽ ഇന്ന് പ്രതിപക്ഷം സഭയിൽ നടത്തിയത് അപ്രതീക്ഷിതവും നിർഭാഗ്യകരവുമായ നീക്കമാണ്. കക്ഷിരാഷ്ട്രീയം കുത്തിനിറച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നടപടി അമ്പരപ്പിച്ചുവെന്നും മന്ത്രി രാജേഷ് പറഞ്ഞു.

മയക്കുമരുന്നിനെതിരായ യോജിപ്പിനേയും പോരാട്ടത്തേയും ദുർബലപ്പെടുത്തുന്ന പരാമർശങ്ങൾ പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായെന്ന് മന്ത്രി പറഞ്ഞു. ഇത് മയക്കുമരുന്ന് മാഫിയയേയാണ് സഹായിക്കുക. മേപ്പാടി സംഭവം സാന്ദർഭികമായി പരാമർശിച്ചതാണ്. പ്രതികളുടെ സംഘടനാ രാഷ്ട്രീയം പറഞ്ഞിരുന്നില്ല. മയക്കുമരുന്നിനെതിരായ പോരാട്ടം കക്ഷിരാഷ്ടീയ വത്കരിക്കരുത്. ഈ നിലപാടിൽ പ്രതിപക്ഷം പുനർവിചിന്തനം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മേപ്പാടി പോളിടെക്നിക് കോളേജിൽ അപർണ ഗൗരി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിൽ ലഹരി സംഘമെന്ന് ആക്രമിക്കപ്പെട്ട പെൺകുട്ടി തന്നെ അവരുടെ ഫെയ്സ്ബുക് പോസ്റ്റിൽ വ്യക്തമാക്കിയതാണ്. ലഹരി ഇടപാടുകാരെ സഹായിക്കുന്ന എംഎൽഎയുടെ പേരും അവർ പറയുന്നുണ്ട്. പ്രതികൾ എസ്എഫ്ഐക്കാരോ മുൻ എസ്എഫ്ഐ പ്രവർത്തകരോ അല്ല. പ്രതികളുടെ രാഷ്ട്രീയം വ്യക്തമാകുന്ന ഫോട്ടോകളുണ്ട്. പ്രതികളിലൊരാളായ അതുൽ കെഎസ്‌യു നേതാവാണ്. രശ്മിൻ എംഎസ്എഫ് നേതാവാണെന്ന് അവർ തന്നെ പറയുന്നുവെന്നും മന്ത്രി പറഞ്ഞു. കോളേജിൽ എസ് എഫ് ഐ നേതാവിനെതിരായ നടപടി സംഘട്ടനവുമായി ബന്ധപ്പെട്ടതെന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply