പത്തനംതിട്ടയിൽ പോളിംഗ് ഉദ്യോഗസ്ഥരുടെ ചുമതല പട്ടിക ചോർന്ന സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടി. നടന്നത് ഗുരുതര വീഴ്ചയാണെന്ന് വിലയിരുത്തിയാണ് ജില്ലാ കളക്ടർ ഉദ്യോഗസ്ഥനെ നടപടിയെടുത്തത്. സംഭവത്തിൽ എൽഡി ക്ലർക്ക് യദു കൃഷ്ണനെയാണ് സസ്‌പെൻഡ് ചെയ്തത്. യുഡിഎഫ് സ്ഥാനാർത്ഥി ആൻറോ ആൻറണി കളക്ടർക്ക് പരാതി നൽകിയിരുന്നു. നടപടി ആവശ്യപ്പെട്ട് കളക്ടറേറ്റിൽ ആൻറോ ആൻറണിയും കോൺഗ്രസ് നേതാക്കളും കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് കളക്ടറുടെ നടപടി.
നടപടിയെടുക്കാൻ ചീഫ് ഇലക്ട്രൽ ഓഫീസർ കളക്ടർക്ക് നിർദേശം നൽകുകയായിരുന്നു. നടന്നത് ഗുരുതര വീഴ്ചയാണെന്നാണ് വിലയിരുത്തൽ. നടപടി നേരിട്ട ഉദ്യോഗസ്ഥൻറെ കയ്യിൽ നിന്നാണ് വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് പട്ടിക ചോർന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഫ്‌ലെക്‌സ് അടിക്കാൻ പിഡിഎഫ് ആയി നൽകിയ പട്ടിക അബദ്ധത്തിൽ ഉദ്യോഗസ്ഥ ഗ്രൂപ്പിലേക്ക് പോവുകയായിരുന്നുവെന്നാണ് വിശദീകരണം.
വിവരം അറിഞ്ഞപ്പോൾ രാത്രി തന്നെ ഉദ്യോഗസ്ഥരെ പരസ്പരം മാറ്റി പ്രശ്‌നം പരിഹരിച്ചിരുന്നു എന്ന് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടർ വിശദീകരിച്ചു. കൂടുതൽ പേർക്ക് പങ്ക് ഉണ്ടോ എന്ന് അന്വേഷിക്കാൻ സമിതി രൂപവത്കരിച്ചിട്ടുണ്ടെന്നും വീഴ്ചയിൽ ക്രിമിനൽ നിയമ നടപടി എടുക്കുമെന്നും സൈബർ സെല്ലിന് പരാതി നൽകുമെന്നും ജില്ലയിലെ മുഴുവൻ ഉദ്യോഗസ്ഥരെയും രാത്രി തന്നെ പുനർവിന്യസിച്ചുവെന്നും ജില്ലാ കളക്ടർ പറഞ്ഞു.
വോട്ടെടുപ്പ് നടക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെയാണ് ഗുരുതര ആരോപണവുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥി ആൻറോ ആൻറണി രംഗത്തെത്തിയത്. പോളിങ് ഉദ്യോഗസ്ഥറുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്നായിരുന്നു ആൻറോ ആൻറണിയുടെ ആരോപണം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

