പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർഥികള്‍ക്ക് ജാമ്യം. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 19 പേർക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ജസ്റ്റിസ് സി.എസ്. ഡയസാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് സാക്ഷിമൊഴികള്‍ നിർണായകമാണെന്നും പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും സിബിഐ വാദിച്ചെങ്കിലും ഇത് കോടതി തള്ളി.
കേസ് അവസാനിക്കുന്നതു വരെ പ്രതികൾ വയനാട് ജില്ലയിൽ പ്രവേശിക്കരുതെന്നും സംസ്ഥാനം വിട്ടു പോകരുത് എന്നും ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉപാധികളായി കോടതി വ്യക്തമാക്കി. പാസ്പോർട്ടും സമർപ്പിക്കണം.
കേസിൽ അന്തിമ റിപ്പോർട്ട് നൽകിയെന്നും തുടർന്നും തങ്ങളുടെ കസ്റ്റഡി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ജാമ്യാപേക്ഷ സമർപ്പിച്ചത്. സിദ്ധാർഥന്റെ മരണത്തിന് തങ്ങളാണ് കാരണക്കാരെന്ന ആരോപണങ്ങളും പ്രതികൾ നിഷേധിച്ചിരുന്നു. വിദ്യാർഥികളാണെന്നും തുടർ പഠനത്തിന് അവസരമൊരുക്കണമെന്നും പ്രതികൾ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.
നേരത്തെ, പൊലീസിന്റെയും സിബിഐയുടെയും കേസ് ഡയറികൾ ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു. രേഖപ്പെടുത്തിയിട്ടുള്ള സാക്ഷി മൊഴികൾ ഉൾപ്പെടെ പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ആത്മഹത്യാ പ്രേരണ, റാഗിങ് തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കൽപറ്റ സെഷൻസ് കോടതി ജാമ്യ ഹർജി തള്ളിയതിനെ തുടർന്ന് പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2024 ഫെബ്രുവരി 18നാണ് സിദ്ധാർഥനെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികള്‍ പരസ്യവിചാരണ നടത്തുകയും മർദിക്കുകയും ചെയ്തതിനെ തുടർന്ന് സിദ്ധാർഥൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കേസ്. ഇതാണ് സിബിഐയുടെ പ്രാഥമിക കുറ്റപത്രത്തിലും പറഞ്ഞിരിക്കുന്നത്.
മകന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കക്ഷി ചേർന്ന മാതാവ് ഷീബ, പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തിരുന്നു. സിദ്ധാർഥന്റെ മരണകാരണം ഇപ്പോഴും വ്യക്തമല്ലെന്നും സിബിഐ സമർപ്പിച്ച അന്തിമറിപ്പോർട്ടിൽ നിന്നും പ്രതികളുടെ പങ്ക് വ്യക്തമാണെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സിദ്ധാർഥന്റെ അമ്മ ചൂണ്ടിക്കാട്ടുകയും ചെയ്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

