പുനർ നിയമനം ആവശ്യപ്പെട്ടുള്ള നേഴ്സിംഗ് ഓഫീസർ പി.ബി അനിതയുടെ ഉപവാസം നാലാം ദിവസത്തിൽ; നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗും യൂത്ത് കോൺഗ്രസും

പുനർനിയമനം ആവശ്യപ്പെട്ട് നഴ്സിങ് ഓഫീസർ പി ബി അനിതയുടെ ഉപവാസം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് മുന്നിൽ നാലാംദിവസവും തുടരുന്നു. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും തിരികെ ജോലിയിൽ പ്രവേശിപ്പിക്കാത്ത ആശുപത്രിയുടെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ ഉപരോധിച്ചു.

ഏപ്രിൽ 1 മുതൽ മെഡിക്കൽ കോളേജിന് മുന്നിൽ ഉപവസിക്കുകയാണ് ഐസിയു പീഡനക്കേസിൽ അതിജീവിതയ്ക്കൊപ്പം നിന്ന നഴ്സ്. ഡ‍ിഎംഇ ഉത്തരവിറക്കാതെ ജോലിയിൽ തിരികെ പ്രവേശിക്കാൻ കഴിയില്ലെന്നതിൽ ഉറച്ച് നിൽക്കുകയാണ് മെഡിക്കൽ കോളേജ്. ഇടത് അനുകൂല സംഘടനകളുടെ സമ്മർദ്ദം കൊണ്ടാണ് തിരികെ ജോലിയിൽ പ്രവേശിപ്പിക്കാത്തതെന്നാരോപിക്കുന്ന പി ബി അനിത ആശുപത്രി തീരുമാനം മാറ്റുന്നത് വരെ ഉപവാസം തുടരും.

പിബി അനിതയെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ ഉപരോധിച്ചു. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പീഡനക്കേസിൽ മൊഴി മാറ്റിയതുൾപ്പെടെയുള്ള കാരണങ്ങളായിരുന്നു ജനുവരി 16 ലെ സ്ഥലംമാറ്റ ഉത്തരവിൽ ഉണ്ടായിരുന്നത്. ഇത് തള്ളി, കേസിന്റെ വിവരങ്ങൾ അനിതയുടെ സർവ്വീസ് ബുക്കിലുൾപ്പെടെ ഉണ്ടാകരുതെന്ന് കാണിച്ചായിരുന്നു ഹൈക്കോടതിയുടെ പുനർനിയമന ഉത്തരവ്. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply