നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടൻ ഇടവേള ബാബുവിനെ അറസ്റ്റുചെയ്തു. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ, ചോദ്യം ചെയ്യലിനുശേഷമാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നടപടി. നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടും. ജാമ്യനടപടികൾക്ക് ശേഷം എറണാകുളം ജനറൽ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷമാകും വിട്ടയക്കുക.
അമ്മ സംഘടനയിൽ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നും ജൂനിയർ ആർട്ടിസ്റ്റിനോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നതുമടക്കം രണ്ട് പരാതികളാണ് ഇടവേള ബാബുവിനെതിരേ ഉള്ളത്. കേസിൽ നേരത്തെ അഡീഷണൽ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം വിപുലീകരിച്ചിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. അമ്മ സംഘടനയിലെ മുൻ ഭാരവാഹികളുടെ മൊഴിയെടുക്കുമെന്നാണ് വിവരം.
ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ എറണാകുളം നോർത്ത് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന ജൂനിയർ ആർട്ടിസ്റ്റായ യുവതിയുടെ പരാതിയുമുണ്ട്. ഈ പരാതിയിൽ കോഴിക്കോട് നടക്കാവ് പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

