പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണിക്കെതിരായ പി സി ജോർജിന്റെ പരസ്യപ്രസ്താവനയിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പി സി ജോർജ് ഭാഷയിൽ മിതത്വം പാലിക്കണമെന്ന് മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ. പാർട്ടി എല്ലാം മനസിലാക്കുന്നു. അനിൽ ആന്റണിയെ അറിയാത്ത ആരും കേരളത്തിൽ ഇല്ല. മികച്ച സ്ഥാനാർത്ഥിയാണ്, അദ്ദേഹം വിജയിക്കും. പൊതു പ്രവർത്തകർ സംസാരിക്കുമ്പോൾ മിതത്വം പാലിക്കണം. ഏന്തെങ്കിലും ഫെയ്സ് ബുക്കിലൂടെ പറയുന്നവർക്കെതിരെ നടപടിയുണ്ടാകും.പി സി ജോർജ് ഇപ്പോൾ വന്നല്ലേയുള്ളൂ, നിലവിൽ നടപടിയെടുത്തത് വർഷങ്ങളായി പാർട്ടിയിലുള്ളവർക്കു നേരെയാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
അനിൽ ആന്റണിയെ സ്ഥാനാർഥിയാക്കിയതിൽ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ കർഷക മോർച്ച നേതാവ് ശ്യാം തട്ടയിൽ രംഗത്തുവന്നിരുന്നു. ‘അനിൽ ആന്റണിയുടെ സ്ഥാനാർഥിത്വം പിതൃശൂന്യ നടപടിയെന്നും അനിൽ ആന്റണി ഒരു ലക്ഷം വോട്ട് തികക്കില്ലെ’ന്നും ശ്യാം തട്ടയിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ വ്യക്തമാക്കി. വിമർശനത്തിന് പിന്നാലെ ശ്യാം തട്ടയിലിനെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി അറിയിച്ചിരുന്നു.
എന്നാൽ, ശനിയാഴ്ച തന്നെ പാർട്ടിയുടെ സംഘടനാ ചുമതലയിൽ നിന്ന് രാജിവെച്ചിരുന്നതായി ശ്യാം മറ്റൊരു പോസ്റ്റിൽ വ്യക്തമാക്കി. പി സി ജോർജിനെ സഥാനാർഥിയാക്കാത്തതിൽ പ്രതിഷേധിച്ചാണ് ഔദ്യോഗിക പദവി ഉപേക്ഷിച്ചതെന്നും ശ്യം തട്ടയിൽ പറഞ്ഞിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

