പിറന്നാൾ ദിനത്തിൽ ആരാധകർക്ക് മോഹൻലാലിന്റെ സർപ്രൈസ്; അഭിനയജീവിതം പുസ്തകമാകുന്നു

മലയാളികളുടെ സ്വന്തം മോഹൻലാലിന്റെ ജന്മദിനമാണ് ഇന്ന്. അറുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന് ആശംസകൾ അറിയിച്ച് സിനിമാ രംഗത്തെ പ്രമുഖരും സഹപ്രവർത്തകരും സുഹൃത്തുക്കളും ആരാധകരും സോൽഷ്യൽ മീഡിയയിൽ എത്തി. എന്നാൽ ഈ പിറന്നാൾ ദിനത്തിൽ മോഹൻലാൽ തന്റെ ആരാധകർക്കായി മറ്റൊരു സന്തോഷ വാർത്ത കൂടെ പങ്കുവച്ചിരിക്കുകയാണ്.

47 വർഷത്തെ മോഹൻലാലിന്റെ ജീവിതം പുസ്തകമാകുന്നു എന്ന സന്തോഷം, മുഖരാഗം എന്ന പേരിൽ ഭാനുപ്രകാശ് ആണ് ലാലിന്റെ ജീവചരിത്രം എഴുതുന്നത്. ‘പ്രിയപ്പെട്ടവരെ, എന്റെ ഈ പിറന്നാൾ ദിനത്തിൽ ഒരു വലിയ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. ഭാനുപ്രകാശ് എഴുതിയ എന്റെ ജീവചരിത്രം, മുഖരാഗം മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി വാസുദേവൻ നായർ, അദ്ദേഹമാണ് അവതാരിക എഴുതിയിരിക്കുന്നത്.

കഴിഞ്ഞ 47 വർഷത്തിലേറെയായി തുടരുന്ന എന്റെ അഭിനയ ജീവിതത്തിലെ വിവിധ അടരുകൾ അടയാളപ്പെടുത്തുന്ന പുസ്‌കമാണിത്. ഏറെ വർഷങ്ങളായി എനിക്കൊപ്പം സഞ്ചരിച്ച് എന്റെ ജീവിതം അക്ഷരങ്ങളിലേക്ക് പകർത്തിയെഴുതാൻ ഭാനുപ്രകാശ് എന്ന എഴുത്തുകാരൻ നടത്തുന്ന പരിശ്രമങ്ങളാണ് മുഖരാഗത്തെ യാഥാർഥ്യമാക്കുന്നത്.

ആയിരത്തോളം പേജ് വരുന്ന ഈ പുസ്തകം എന്റെ സിനിമാ ജീവിതത്തിന്റെ 47 വർഷം പൂർത്തിയാവുന്ന 2025 ഡിസംബർ 25 ന് പുറത്തുവരും, നന്ദി’- മോഹൻലാൽ പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply