പാലിന് പകരം നൽകിയത് വൈൻ കലർത്തിയ മിശ്രിതം; പിഞ്ചുകുഞ്ഞ് കോമയിൽ

പാൽപ്പൊടിയുപയോഗിച്ച് തയ്യാറാക്കിയ മിശ്രിതം കുടിച്ച നാല് മാസം പ്രായമുളള കുഞ്ഞ് കോമയിലായി. ഇറ്റലിയിലെ ഫ്രാങ്കോവില്ലയിലുളള കുഞ്ഞിനാണ് ദാരുണാവസ്ഥയുണ്ടായത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.

കുഞ്ഞിന്റെ മുത്തശ്ശി പാൽപ്പൊടി അബദ്ധത്തിൽ വൈനിൽ കലർത്തി കൊടുത്തതാണ് കാരണമെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാൽപ്പൊടി നിറച്ച കുപ്പിയുടെ സമീപത്തായാണ് വൈനും വച്ചിരുന്നതെന്നായിരുന്നു കുഞ്ഞിന്റെ മുത്തശ്ശി മാദ്ധ്യമങ്ങളോട് പറഞ്ഞത്. കുഞ്ഞിന് പാല് തയ്യാറാക്കുന്നതിനിടെ അബദ്ധത്തിൽ പാൽപ്പൊടി വൈനുമായി കലർത്തുകയായിരുന്നു. മിശ്രിതം കൊടുത്തപ്പോൾ കുഞ്ഞ് ആദ്യം കുടിച്ചെങ്കിലും തുടർന്ന് വിസമ്മതിക്കുകയായിരുന്നു. സംശയം തോന്നി കുപ്പി തുറന്നുനോക്കിയപ്പോഴാണ് മുത്തശ്ശിക്ക് കാരണം മനസിലായതെന്നും സൂചന.

കുഞ്ഞിനെ മുത്തശ്ശി ആശുപത്രിയിൽ എത്തിക്കുകയും അടിയന്തര ചികിത്സ കൊടുക്കുകയും ചെയ്തു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റിയതായും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതർ അറിയിച്ചത്. മുത്തശ്ശിക്കെതിരെ ഇതുവരെയായിട്ടും നിയമനടപടികൾ സ്വീകരിച്ചിട്ടില്ലെന്നുമാണ് വിവരം.

കഴിഞ്ഞ വർഷവും സമാന സംഭവം നടന്നിരുന്നു. ഒരു കുഞ്ഞിനെക്കൊണ്ട് വൈൻ കുടിപ്പിച്ച സ്ത്രീകളെ പൊലീസ് അറസ്​റ്റ് ചെയ്തിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികൾ പിടിയിലായത്. ഒരു സ്ത്രീ കുഞ്ഞിന്റെ തലയിൽ ബലമായി പിടിക്കുന്നതും മ​റ്റൊരു സ്ത്രീ വൈൻ കുപ്പി കുടിപ്പിക്കുന്നതുമായിരുന്നു വീഡിയോയിലുണ്ടായിരുന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply