മലയാളി ദമ്പതികളും സുഹൃത്തായ അധ്യാപികയും അരുണാചൽ പ്രദേശിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യ ദേവിയെയും സുഹൃത്തായ ആര്യയെയും വിചിത്ര വഴിയിലേക്ക് നയിച്ചത് ഭർത്താവ് നവീൻ ആണെന്നാണ് ലഭിക്കുന്ന സൂചന. പരലോകവും അവിടെ ജീവിക്കുന്നവരും ഉണ്ടെന്ന് നവീൻ ഇരുവരെയും വിശ്വസിപ്പിച്ചിരുന്നു.
മരണശേഷം അവിടേക്ക് പോകാമെന്ന് പറഞ്ഞ് നവീൻ ഇരുവരെയും പ്രലോഭിപ്പിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്. ആര്യയ്ക്ക് നവീൻ മൃതദേഹത്തിന്റെയും രക്തത്തുള്ളികളുടെയും ചിത്രങ്ങൾ അയച്ചുകൊടുത്തിരുന്നതായും കണ്ടെത്തി. ഇന്നലെയാണ് വട്ടിയൂർക്കാവ് മേലത്തുമേലെ എംഎംആർഎ 198 ശ്രീരാഗത്തിൽ ആര്യ ബി നായർ (29), ആയുർവേദ ഡോക്ടർമാരായ കോട്ടയം മീനടം നെടുംപൊയ്കയിൽ നവീൻ തോമസ് (39), ഭാര്യ വട്ടിയൂർക്കാവ് മൂന്നാംമൂട് അഭ്രകുഴി എംഎംആർഎ സിആർഎ കാവിൽ ദേവി (39) എന്നിവരെയാണ് ഇറ്റാനഗറിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.
ആര്യയുടെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് മൂന്നുപേരും മരിക്കാൻ തീരുമാനിച്ചതെന്നും സൂചനയുണ്ട്. അടുത്ത മാസം ഏഴിനാണ് ആര്യയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ മാസം 27 മുതൽ ആര്യയെ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. നവീൻ മരണാനന്തര ജീവിതത്തെക്കുറിച്ച് ഇന്റർനെറ്റിൽ തെരഞ്ഞതായും പൊലീസ് കണ്ടെത്തിയിരുന്നു. ‘സന്തോഷത്തോടെ ജീവിച്ചു, ഇനി ഞങ്ങൾ പോകുന്നു’ എന്ന കുറിപ്പും നാട്ടിൽ വിവരം അറിയിക്കേണ്ടവരുടെ ഫോൺ നമ്പറും മേശയുടെ പുറത്ത് വച്ചിരുന്നു. സിസിടിവിയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. എന്നാൽ, എങ്ങനെ മരിക്കണമെന്ന് ഇവർ യൂട്യൂബ് വീഡിയോകൾ പരിശോധിച്ചതായി കണ്ടെത്തി.
നവീനുമായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം.ശ്രീകാര്യത്തെ സ്വകാര്യ സ്‌കൂളിൽ അധ്യാപികയായിരുന്നു ആര്യ. ദേവി മുമ്പ് ഇവിടെ അധ്യാപികയായി ജോലി ചെയ്തിരുന്നു. മാർച്ച് 27നാണ് മൂവരും അരുണാചലിലേക്ക് പോയത്. ഇറ്റാനഗറിൽ നിന്ന് 100 കിലോമീറ്റർ മാറി സിറോയിലെ ഹോട്ടലിലാണ് ഇവർ മുറിയെടുത്തത്. കഴിഞ്ഞ ദിവസങ്ങളിൽ റസ്റ്ററന്റിലെത്തി ആഹാരം കഴിച്ച ഇവരെ ഇന്നലെ രാവിലെ 10 കഴിഞ്ഞിട്ടും പുറത്തു കാണാതിരുന്നതോടെ ഹോട്ടൽ ജീവനക്കാർ അന്വേഷിച്ചുചെല്ലുകയായിരുന്നു. മുറിയിൽ ആര്യ കട്ടിലിലും ദേവി നിലത്തും കൈഞരമ്പ് മുറിഞ്ഞ നിലയിൽ മരിച്ചുകിടക്കുകയായിരുന്നു. നവീന്റെ മൃതദേഹം ശുചിമുറിയിലായിരുന്നു. ദേഹമാസകലം വ്യത്യസ്ത തരത്തിലുള്ള മുറിവുകളുണ്ടാക്കി രക്തം വാർന്നാണ് മൂന്നുപേരുടെയും മരണം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

