കണ്ണൂർ പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾക്ക് നേരെ ഉണ്ടായ അതിക്രമത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ. പഴയ കുപ്പികൾ ശേഖരിച്ച് വിൽപ്പന നടത്തുന്ന കർണാടക സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. സ്മൃതി കുടീരത്തിൽ ഒഴിച്ചത് സോഫ്റ്റ് ഡ്രിങ്ക് ആണെന്നും നിഗമനം.
കഴിഞ്ഞ ദിവസമാണ് പയമ്പലത്തെ നാല് സ്മൃതി കുടീരങ്ങളിൽ കറുത്ത ലായനി ഒഴിച്ച് വികൃതമാക്കിയ രീതിയിൽ കണ്ടെത്തിയത്. സംഭവത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയടക്കം അന്വേഷണത്തിന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സിറ്റി പൊലീസ് കമ്മീഷണർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ഫോറൻസിക് ഡോഗ് സക്വാഡടക്കം സ്ഥലം പരിശോധിക്കുകയും ചെയ്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കർണാടക സ്വദേശി പിടിയിലായത്.
സ്ഥലത്ത് നിന്നും കിട്ടിയ കുപ്പികളിലൊന്നിൽ ബാക്കി വന്ന സോഫ്റ്റ് ഡ്രിങ്ക് ഒഴിച്ച് കളയവെ അത് കുടീരങ്ങളിലായതാണെന്നാണ് പൊലീസ് പറയുന്നത്. അതിക്രമത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും പൊലീസ് പറഞ്ഞു. മുൻ മുഖ്യമന്ത്രി ഇ.കെ നായനാർ മുൻ സി.പി.എം സെക്രട്ടറിമാരായിരുന്ന ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്ണൻ, ഒ ഭരതൻ എന്നിവരുടെ സ്മൃതി കുടീരങ്ങളാണ് കറുത്ത ലായനി ഒഴിപ്പിച്ച രീതിയിൽ കണ്ടെത്തിയത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

