പത്തനംതിട്ടയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിന്റെ വീട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ഭാര്യയേയും മകനേയും മറ്റ് ബന്ധുക്കളേയും കണ്ട് ആശ്വസിപ്പിച്ചു. ഇതുസംബന്ധിച്ച നഷ്ടപരിഹാരം ഉടന്‍ തന്നെ നല്‍കണമെന്ന് ബന്ധുക്കള്‍ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. മാനദണ്ഡങ്ങളനുസരിച്ചുള്ള നഷ്ടപരിഹാരം ഉടന്‍ തന്നെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
ഇന്ന് പുലർച്ചെയോടെയാണ് പത്തനംതിട്ട തുലാപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ സ്വന്തം വീടിന്റെ മുറ്റത്ത് ഗൃഹനാഥന് ദാരുണാന്ത്യം സംഭവിക്കുന്നത്. തുലാപ്പള്ളി പുളിയൻകുന്നുമല സ്വദേശി ബിജു (58)4 ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നിന്ന് അനക്കം കേട്ട് പുറത്ത് ഇറങ്ങിയപ്പോൾ ആന ആക്രമിക്കുകയായിരുന്നു. പുറത്ത് ആനയുണ്ടെന്ന് അറിഞ്ഞ ഉടനെ ബിജു തിരികെ വീട്ടിലേക്ക് വന്നു, പിന്നീട് വീണ്ടും പുറത്തിറങ്ങിയപ്പോഴാണ് ആക്രമിച്ചതെന്ന് ഭാര്യ ഡെയ്സി പറഞ്ഞു. വഴിയ്ക്കടുത്ത് വരെ പോയതേയുള്ളൂ. അപ്പോഴേക്ക് ആന ചീറി വന്നു. അപ്പുറത്ത് കാടായത് കൊണ്ട് ബിജുവിന് രക്ഷപ്പെടാനായില്ല. താൻ മുറ്റത്തേക്ക് ഓടിയിറങ്ങുകയായിരുന്നു. ആന രണ്ട് തവണ ബിജുവിനെ നിലത്തടിച്ചുവെന്നും ചിന്നം വിളിച്ചുവെന്നും ഡെയ്സി പറഞ്ഞു.
ബിജുവിന്‍റെ മരണത്തിൽ നാട്ടുകാർ വനംവകുപ്പിനെതിരെ പ്രതിഷേധത്തിലാണ്. കണമല വനംവകുപ്പ് ഓഫീസിലേക്കുള്ള പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പൊലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വനംവകുപ്പിന്റെ വീഴ്ച്ചയാണ് സംഭവത്തിന് പിന്നിലെന്നാണ് നാട്ടുകാർ പറയുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

