കിഴക്കമ്പലം ട്വന്‍റി 20 പാർട്ടി അദ്ധ്യക്ഷൻ സാബു ജേക്കബ് നിരന്തരം അപമാനിക്കുന്നെന്ന് കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജന്‍. താന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ നിന്ന് ആളുകളെ സാബു ജേക്കബ് വിലക്കുകയാണ്. താന്‍ നിരന്തരം അപമാനം നേരിടുകയാണ്. വിശദമായി അന്വേഷിച്ച ശേഷമാണ് പൊലീസ് കേസെടുത്തതെന്നും എംഎല്‍എ പറഞ്ഞു.
ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റ് ഓഗസ്റ്റ് 17 ന് കൃഷിദിനവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കുന്നതിന് തന്നെ രേഖാമൂലം ക്ഷണിച്ചിരുന്നു. എന്നാല്‍ പരിപാടിക്കിടെ തന്നെ അപമാനിക്കുന്നതിനായി പഞ്ചായത്ത് പ്രസിഡന്‍റും മറ്റാളുകളും വേദിവിട്ടിറങ്ങി സദസില്‍ ഇരുന്നു. താന്‍ പോയതിന് പിന്നാലെ ഇവര്‍ വേദിയിലെത്തിയെന്നും പി വി ശ്രീനിജന്‍ ആരോപിച്ചു. സാബു ജേക്കബ് തന്നെ ശത്രുവായി കാണണമെന്നും താന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ അവരുടെ പഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുക്കരുതെന്നും നിര്‍ദേശം നല്‍കിയിരുന്നതായും പി വി ശ്രീനിജന്‍ പറയുന്നു.
പി വി ശ്രീനിജന്‍റെ ജാതി അധിക്ഷേപ പരാതിയിൽ സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. പട്ടികജാതി പീഢന നിരോധന നിയമപ്രകാരമെടുത്ത കേസിൽ ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റ് ഡീനാ ദീപക്കാണ് രണ്ടാം പ്രതി. കർഷകദിനാഘോഷത്തിൽ ഉദ്ഘാടകനായ തന്നെ വേദിയിൽ വെച്ച് പരസ്യമായി അപമാനിച്ച 2020 നേതൃത്വം വിവേചനം കാണിക്കുന്നുവെന്നാണ് എംഎൽഎയുടെ പരാതി.
ഓഗസ്റ്റ് 17 ന് ഐക്കരനാട് കൃഷിഭവനിൽ നടന്ന ഈ സംഭവമാണ് പരാതിക്ക് അടിസ്ഥാനം. കർഷകദിനത്തിൽ കൃഷിവകുപ്പ് നടത്തിയ പരിപാടിക്ക് ഉദ്ഘാടകനായ എംഎൽഎ വേദിയിലേക്ക് കയറുന്നതിനിടെ പ്രതിഷേധം അറിയിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പടെ ഉള്ളവർ വേദി വിട്ടു. സാബു എം ജേക്കബ് തന്നെ വിലക്കണമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നെന്നും ശ്രീനിജിന്‍റെ പരാതിയിൽ പറയുന്നു. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റിനെ കൂടാതെ പഞ്ചായത്ത് വൈസ് പ്രസിഡന്‍റും മൂന്ന് മെമ്പര്‍മാരും ആണ് പുത്തൻകുരിശ് പൊലീസ് എടുത്ത കേസിലെ മറ്റ് പ്രതികൾ.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

