നിയമസഭ സമ്മേളന ഷെഡ്യൂൾ മാറ്റണമെന്ന ആവശ്യവുമായി പ്രതിപക്ഷം. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സ്പീക്കർക്ക് കത്തു നൽകി. കെപിസിസി ജാഥ കണക്കിൽ എടുത്താണ് പ്രതിപക്ഷം മാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന ബജറ്റ് അവതരണം ഫെബ്രുവരി അഞ്ചിൽ നിന്ന് രണ്ടിലേക്ക് മാറ്റണം. ഫെബ്രുവരി 9 മുതൽ 25 വരെ ജാഥ ഉള്ളതിനാൽ ഈ ദിവസങ്ങളിലെ ഷെഡ്യൂൾ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം 25 മുതൽ തുടങ്ങാനാണ് തീരുമാനം.
പുതുവർഷത്തിലെ ആദ്യസഭാ സമ്മേളനം സംഭവബഹുലമായിരിക്കുമെന്നകാര്യം ഏതാണ്ട് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. നവകേരളയാത്രയും സംഘർഷങ്ങളും ഒടുവിൽ രാഹുൽ മാങ്കൂട്ടത്തിലിൻറെ അറസ്റ്റ് വരെയെത്തിയ വിവാദങ്ങൾ ഇനി നിയമസഭയിലേക്ക്. ഗവർണ്ണർ- സർക്കാർ ഏറ്റുമുട്ടൽ പാരമ്യത്തിലെത്തി നിൽക്കെയാണ് നയപ്രഖ്യാപനപ്രസംഗം വരുന്നത്. പ്രസംഗം വായിക്കണമെന്ന ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ ഇതിനോടകം സൂചിപ്പിച്ചിട്ടുണ്ട്.
അതേസമയം സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് സംസ്ഥാന ബജറ്റ്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കയ്യടിനേടാനുള്ള അവസരമാണ് മുന്നിലെങ്കിലും കാശില്ലാത്തത് വലിയ തിരിച്ചടിയാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

