നിയമസഭാ പുസ്തകോത്സവത്തിന്റെ സ്റ്റാളുകൾ ഉദ്ഘാടനം ചെയ്തു

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സ്റ്റാളുകൾ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. വൈക്കം ക്ഷേത്രകലാപീഠം അവതരിപ്പിച്ച പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെയാണ് സ്റ്റാളുകളുടെ ഉദ്ഘാടനം നടന്നത്. കെ.എൽ.ഐ.ബി.എഫിന്റെ ആദ്യ പതിപ്പ് വലിയ വിജയമായിരുന്നു, അതുപോലെതന്നെ രണ്ടാം പതിപ്പും വൻ വിജയമാകട്ടെയെന്ന് സ്പീക്കർ ആശംസിച്ചു. ഉദ്ഘാടന ശേഷം സ്പീക്കർ പുസ്തകോത്സവത്തിലെ സ്റ്റാളുകളെല്ലാം സന്ദർശിച്ചു. തുടർന്ന് നിയമസഭാ ലൈബ്രറിയുടെ പുസ്തക പ്രദർശനം സ്പീക്കർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.പി. മോഹനൻ എം.എൽ.എ, നിയമസഭാ സെക്രട്ടറി എ.എം. ബഷീർ പങ്കെടുത്തു.

160 ഓളം പ്രസാധകരുടെ 255ലധികം സ്റ്റാളുകളാണ് പുസ്തകോത്സവത്തിലുള്ളത്. ഉദ്ഘാടനം കഴിഞ്ഞയുടൻ തന്നെ പുസ്തകോത്സവവും നിയമസഭാ മന്ദിരവും സന്ദർശിക്കാനായി സ്‌കൂൾകുട്ടികൾ എത്തിത്തുടങ്ങി. നവംബർ ഒന്നു മുതൽ ഏഴ് വരെയാണ് നിയമസഭാ സമുച്ചയത്തിൽ പുസ്തകോത്സവം നടക്കുക.പൊതുജനങ്ങൾക്ക് മലയാളം പുസ്തങ്ങൾക്ക് ഏറ്റവും കുറഞ്ഞത് 20 ശതമാനവും ഇംഗ്ലീഷ് പുസ്തങ്ങൾക്ക് 10 ശതമാനവും കിഴിവ് ലഭിക്കും. ലൈബ്രറികൾക്കും മറ്റു സ്ഥാപനങ്ങൾക്കും നിയമസഭാ ജീവനക്കാർക്കും മലയാളം പുസ്തങ്ങൾക്ക് ഏറ്റവും കുറഞ്ഞത് 35 ശതമാനവും ഇംഗ്ലീഷ് പുസ്തങ്ങൾക്ക് 20 ശതമാനവും കിഴിവ് ലഭിക്കും. കൂടാതെ സ്‌കൂൾ കുട്ടികൾക്ക് നിയമസഭാ മ്യൂസിയം, അസംബ്ലി ഹാൾ, ശാസ്ത്ര സാങ്കേതിക മ്യൂസിയം, നേപ്പിയർ മ്യൂസിയം, മൃഗശാല, താളിയോല മ്യൂസിയം എന്നിവിടങ്ങൾ സൗജന്യമായി സന്ദർശിക്കുന്നതിന് പാക്കേജും ഒരുക്കിയിട്ടുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply