നിപ ബാധിച്ച്‌ മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ 406 പേര്‍; അവലോകന യോഗം ഇന്ന്

മലപ്പുറം പാണ്ടിക്കാട് നിപ്പ ബാധിച്ച്‌ മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയില്‍ ഉള്ളവരുടെ എണ്ണം 406 ആയി വര്‍ധിച്ചു. പുതുക്കിയ റൂട്ട് മാപ്പ് പ്രകാരമുള്ള കണക്കാണിത്. ഇതില്‍ 139 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പെടെ 196 പേര്‍ ഹൈറിസ്ക്ക് വിഭാഗത്തിലാണ്.

മഞ്ചേരി, തിരുവനന്തപുരം,കോഴിക്കോട് എന്നിവിടങ്ങളിലായി ഇപ്പോള്‍ 15പേരാണ് ആശുപത്രികളില്‍ കഴിയുന്നത്. അതേസമയം, ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് ഇന്ന് അവലോകന യോഗം ചേരും. ഇന്നലെ പതിനൊന്നു പേരുടെ സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവായത് ആരോഗ്യവകുപ്പിനും നാട്ടുകാര്‍ക്കും ആശ്വാസമായി. 

നിപ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന തിരുവനന്തപുരത്തെ 2 പേരുടെ പരിശോധനാ ഫലങ്ങളും നെഗറ്റീവാണെന്ന് ഇന്നലെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. തോന്നയ്ക്കല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്ത് വന്നത്. അമ്മയും മകളുമാണ് തിരുവനന്തപുരത്ത് നിപ നിരീക്ഷണത്തിലുണ്ടായിരുന്നത്. മലപ്പുറത്ത് മരിച്ച 14 കാരൻ രോഗ ബാധിതനായി ചികിത്സയിലിരിക്കെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സക്കെത്തിയവരാണ് ഇരുവരും. 

നിപ ബാധിച്ച്‌ 14കാരൻ മരിച്ച പ്രദേശത്തെ 7239 വീടുകളില്‍ സർവേ നടത്തി. 439 പേർ പനിബാധിതരാണ്. ഇതില്‍ 4 പേർ കുട്ടിയുമായി സമ്പർക്കമുള്ളവരാണ്. 2023 ല്‍ കണ്ടെത്തിയ അതേ വൈറസ് വകഭേദമാണ് മലപ്പുറത്തും സ്ഥിരീകരിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply