കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ പൊതുദർശന ചടങ്ങിൽ വിങ്ങിപ്പൊട്ടി സഹപ്രവർത്തകർ. അവസാനമായി നവീനെ ഒരുനോക്ക് കാണാനെത്തിയ സുഹൃത്തുക്കളിൽ പലരും ദുഃഖം സഹിക്കാൻ കഴിയാതെ പൊട്ടിക്കരഞ്ഞു. വിതുമ്പിക്കരഞ്ഞുകൊണ്ടാണ് മുൻ കളക്ടർ ദിവ്യ എസ്. അയ്യർ നവീൻ ബാബുവിന് അന്തിമോപചാരം അർപ്പിച്ചത്.
നവീൻ ഒരു പാവത്താനായിരുന്നുവെന്നും മരണം വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ദിവ്യ പ്രതികരിച്ചു. ‘ഒറ്റക്കുടുംബമായാണ് ഞങ്ങൾ പ്രവർത്തിച്ചിരുന്നത്. ഒരു വീട്ടിൽ കഴിയുന്നത് പോലെയാണ് ഞങ്ങൾ സംസാരിച്ചിരുന്നതും ഭക്ഷണം കഴിച്ചിരുന്നതും ജോലി ചെയ്തിരുന്നതുമെല്ലാം. ഞങ്ങളറിഞ്ഞ മനുഷ്യനെ കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളൊന്നും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഒരു പാവത്താനാണ്. ഒരു മനുഷ്യനെ പോലും കുത്തിനോവിക്കാനാവാത്ത ആരോടും മുഖം കറുപ്പിക്കാനാവാത്ത എപ്പോഴും ഒരു ചെറിയ മന്ദസ്മിതത്തോടെ മാത്രമായിരുന്നു നവീനെ കണ്ടിരുന്നത്.
കാസർകോട്ടേക്ക് ഡെപ്യൂട്ടി കളക്ടറായി പ്രൊമോഷൻ കിട്ടിയപ്പോൾ കലക്ടറേറ്റിൽ വെച്ചാണ് അവസാനമായി നവീനെ കാണുന്നത്. അന്ന് ഞങ്ങൾ ഒരുമിച്ച് ഫോട്ടോയൊക്കെ എടുത്തു, പിന്നെ കണ്ടിട്ടില്ല. മെസേജ് അയച്ചിരുന്നു. നവീൻ ഇനിയില്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല’ ദിവ്യ പ്രതികരിച്ചു.
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവിവരം പുറത്തുവന്ന ദിവസം ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് വൈകാരികമായ കുറിപ്പ് ദിവ്യ എസ് അയ്യർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

