‘നവകേരള ബസ്’ ഗരുഡ പ്രീമിയമായി ബെംഗളൂരുവിലേക്ക് പുറപ്പെട്ടു

സംസ്ഥാന സർക്കാർ നവ കേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് ഗരുഡ പ്രീമിയം എന്ന പേരിൽ കോഴിക്കോട്- ബംഗളൂരു റൂട്ടിൽ സർവീസ് തുടങ്ങി. ആദ്യ സർവീസിൽ തന്നെ ഹൗസ് ഫുള്ളായാണ് ബസിന്‍റെ യാത്ര. മുഴുവന്‍ സീറ്റുകളിലും യാത്രക്കാരുണ്ട്. ഇന്ന് രാവിലെ നാലുമണിക്കാണ് ബസ് കോഴിക്കോട് നിന്ന് പുറപ്പെട്ടത്. രാവിലെ 11:30 യോടെ ബസ് ബെംഗളൂരുവിൽ എത്തും. എന്നാല്‍, ആദ്യ യാത്രയില്‍ തന്നെ ഗരുഡ പ്രീമിയം ബസിന്‍റെ വാതില്‍ കേടായി.

വാതിലിന് തകരാര്‍ സംഭവിച്ചതിനെതുടര്‍ന്ന് താല്‍ക്കാലികമായി കെട്ടിവെച്ചാണ് യാത്ര തുടരുന്നത്. യാത്ര തുടങ്ങി അല്‍പസമയത്തിനകം തന്നെ വാതില്‍ തനിയെ തുറന്നുവരുകയായിരുന്നു. തുടര്‍ന്നാണ് വാതില്‍ താല്‍ക്കാലികമായി കെട്ടിവെച്ച് യാത്ര തുടങ്ങിയത്. രാവിലെ ഏഴോടെ സുല്‍ത്താൻ ബത്തേരി ഡിപ്പോയില്‍ കയറ്റി ബസിന്‍റെ വാതിലിന്‍റെ തകരാര്‍ പരിഹരിച്ചു. എമർജൻസി എക്സിറ്റ് സ്വിച്ച് ഓൺ ആയി കിടന്നതാണ് പ്രശ്ത്തിന് കാരണം. സുല്‍ത്താൻ ബത്തേരിയില്‍ നിന്ന്  പ്രശ്നം പരിഹരിച്ചശേഷം ബസ് ബെംഗളൂരുവിലേക്ക് യാത്ര തുടര്‍ന്നു.

നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസിന്‍റെ ആദ്യ യാത്രയുടെ ഭാഗമാകണമെന്ന് കരുതിയാണ് ബെംഗളൂരുവിലേക്ക് പോകാൻ നേരത്തെ തന്നെ സീറ്റ് ബുക്ക് ചെയ്തതെന്ന് യാത്രക്കാരില്‍ ചിലര്‍ പ്രതികരിച്ചു. ഉപയോഗിക്കാതെ കട്ടപുറത്തിടാതെ ജനങ്ങള്‍ക്ക് ഉപയോഗപ്രദമാക്കിയത് നല്ലകാര്യമാണെന്നും യാത്രക്കാര്‍ പ്രതികരിച്ചു.

1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകള്‍ക്കുള്ള അഞ്ച് ശതമാനം ആഡംബരനികുതിയും നല്‍കണം. മുഖ്യമന്ത്രി ഇരുന്ന സീറ്റ് ബുക്ക് ചെയ്യാനാണ് യാത്രക്കാരില്‍ പലര്‍ക്കും താല്‍പ്പര്യം. ഡിപ്പോയില്‍ നേരിട്ടെത്തി ഇക്കാര്യം അന്വേഷിച്ചവരും ഏറെയാണ്. സീറ്റ് നമ്പര്‍ 25ലായിരുന്നു മുഖ്യമന്ത്രിയിരുന്നത്. ഈ സീറ്റില്‍ ഉള്‍പ്പെടെ എല്ലാ സീറ്റിലും മുഴുവൻ യാത്രക്കാരുമായിട്ടാണ് ബസ് കോഴിക്കോട് നിന്ന് പുറപ്പെട്ടത്.

 തിരുവനന്തപുരം -കോഴിക്കോട് സര്‍വീസിലും മുഖ്യമന്ത്രിയുടെ സീറ്റ് ദിവസങ്ങള്‍ക്ക് മുമ്പെ ബുക്ക് ചെയ്തിരുന്നു. ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്നത്. എല്ലാദിവസവും പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് തിരിച്ച് 11.35ന് ബെംഗളൂരുവില്‍ എത്തും. പകല്‍ 2.30ന് ബെംഗളൂരുവില്‍ നിന്ന് തിരിച്ച് രാത്രി 10.05ന് കോഴിക്കോട് എത്തിച്ചേരും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply