നവകേരള ബസിനുനേരെ ഷൂ എറിഞ്ഞ സംഭവം; കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ കേസെടുത്തു

 നവകേരള ബസ്സിനുനേരെ ഷൂ എറിഞ്ഞ് പ്രതിഷേധിച്ച കെ.എസ്.യു. പ്രവര്‍ത്തകരെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ കേസെടുത്തു. ഷൂ എറിഞ്ഞ കേസിലെ പ്രതികളായ ബേസില്‍ വര്‍ഗീസ്, ദേവകുമാര്‍, ജെയ്ദീന്‍, ജോണ്‍സണ്‍ എന്നിവരുടെ പരാതിയിലാണ് മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ പോലീസ് കേസെടുത്തത്. കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇവര്‍ പരാതി നല്‍കിയത്.

ഈ മാസം 10-ന് പെരുമ്പാവൂരിലെ ഓടക്കാലിയില്‍ വച്ചാണ് മുഖ്യമന്ത്രിയും 20 മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ്സിനുനേരെ കെ.എസ്.യു. പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞ് പ്രതിഷേധിച്ചത്. ഇവര്‍ ബസ്സിനുനേരെ ഷൂ എറിയുന്നതിന്റെയും തുടര്‍ന്ന് പോലീസ് ഇവരെ ക്രൂരമായി മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തങ്ങളെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി ഇവര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കോടതി പരാതി നല്‍കാന്‍ ഇവരോട് നിര്‍ദേശിച്ചത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply