ദിവസങ്ങള്‍ നീണ്ട മര്‍ദ്ദനം; പെൺകുട്ടികളുടെ ദേഹമാസകലം പാടുകൾ: അച്ഛനും ബന്ധുവും പിടിയില്‍

ഇടുക്കി നെടുങ്കണ്ടത്ത് പ്രായ പൂര്‍ത്തിയാകാത്ത രണ്ട് പെൺകുട്ടികളെ അച്ഛനും ബന്ധുവും ചേർന്ന് ക്രൂരമായി മർദിച്ചു. അഞ്ചും ഏഴും വയസ് പ്രായമുള്ള പെൺകുട്ടികള്‍ക്കാണ് ആഴ്ചകളായി മർദ്ദനമേറ്റിരുന്നത്. സംഭവത്തിൽ കുട്ടികളുടെ അച്ഛനെയും ബന്ധുവിനെയും പൊലീസ് അറസ്റ്റു ചെയ്തു.

നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മുണ്ടിയെരുമയിലാണ് സംഭവം. ജോലിക്ക് പോകാനുള്ള സൗകര്യത്തിനായി കുട്ടികളും അച്ഛനുമമ്മയും അച്ഛൻറെ സഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസമായി രാത്രി പതിനൊന്നര മുതൽ പുലർച്ചെ ഒന്നര വരെ കുട്ടികളുടെ ഉറക്കെയുള്ള നിലവിളിയും മുതിർന്നവരുടെ ഉച്ചത്തിലുള്ള സംസാരവും കേട്ട പ്രദേശവാസികൾ ആശാവർക്കറെ വിവരം അറിയിച്ചിരുന്നു.

ആശാ വർക്കറും ആരോഗ്യ പ്രവർത്തകരും ചേർന്ന് കുട്ടികളുടെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് രണ്ട് പെൺകുട്ടികൾക്കും ദേഹമാസകലം മർദ്ദനമേറ്റതിൻറെ പാടുകൾ കണ്ടത്. വിശദമായ പരിശോധനയിൽ അഞ്ചു വയസുകാരിയുടെ ദേഹത്ത് 10 മുറിവുകളും ചതവുകളും കണ്ടെത്തി. ഏഴു വയസുകാരിയുടെ ശരീരത്തിൽ കണ്ടെത്തിയത് 14 ചതവുകളും മുറിവുകളുമാണ് കണ്ടെത്തിയത്.

കുട്ടികൾക്ക് ആവശ്യമായ ചികിത്സ നൽകിയ ശേഷം ആരോഗ്യ പ്രവർത്തകർ വിവരം നെടുങ്കണ്ടം പൊലീസിനെ അറിയിക്കുകയായിരുന്നു. എസ്ഐ ടി.എസ്. ജയകൃഷ്ണനും സംഘവും സ്ഥലത്തെത്തി കുട്ടികളുടെ അച്ഛനെയും അച്ഛൻറെ സഹോദരി ഭർത്താവിനെയും കസ്റ്റഡിയിലെടുത്തു. കുട്ടികളുടെ അമ്മ മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലാണ്. കുട്ടികളുടെ അച്ഛനും ബന്ധുവും മദ്യപിച്ചെത്തിയ ശേഷമാണ് കുട്ടികളെ മർദ്ദിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

എന്നാല്‍ കുട്ടികള്‍ പഠിക്കാത്തതിനാലാണ് ഇത്തരത്തിൽ ക്രൂരമായ ശിക്ഷ നടപ്പാക്കിയതെന്നാണ് പെണ്‍കുട്ടികളുടെ പിതാവും ബന്ധുവും പൊലീസിനോട് വിശദമാക്കിയിരിക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കും. കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മറ്റി മുമ്പാകെ ഹാജരാക്കി ആവശ്യമെങ്കിൽ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും അധികൃതര്‍ വിശദമാക്കി. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply