തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാ വിധി ഇന്ന്. രാവിലെ 11 മണിക്ക് പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ.വിനായക റാവു ശിക്ഷ വിധിക്കും. കഴിഞ്ഞ ദിവസം രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. 2020 ക്രിസ്‌മസ് ദിനത്തിലായിരുന്നു ഇതരജാതിയിൽനിന്ന് പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ അനീഷ് കൊല്ലപ്പെട്ടത്. വിവാഹത്തിന്റെ 88ം നാളിലായിരുന്നു കൊലപാതകം. കേസിൽ അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് ഒന്നാംപ്രതിയും ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ രണ്ടാംപ്രതിയുമാണ്.
കൊല്ലപ്പെടുന്ന ദിവസം അനീഷിന് 27 വയസും ഹരിതയ്ക്ക് 19 വയസുമായിരുന്നു പ്രായം. ദീ൪ഘനാളത്തെ പ്രണയത്തിന് ശേഷമാണ് വീട്ടുകാരുടെ സമ്മതമില്ലാതെയുള്ള വിവാഹം. പൊലീസിൻറെ സാന്നിധ്യത്തിൽ ഒത്തുതീ൪പ്പിന് ശ്രമമുണ്ടായി. അന്ന് സ്റ്റേഷനിൽ വെച്ച് ഹരിതയുടെ അച്ഛൻ പ്രഭുകുമാ൪ മകളുടെ മുഖത്ത് നോക്കി അനീഷിന്റെ നാൾകുറിച്ചു. 90 ദിവസം. കൃത്യം 88 -ാം ദിവസം അച്ഛനും അമ്മാവൻ സുരേഷും ചേ൪ന്ന് ക്രൂര കൊലപാതകം നടപ്പാക്കി.
നാലുവ൪ഷം മുമ്പ് ക്രിസ്മസ് ദിനത്തിലെ സായാഹ്നത്തിൽ ആഘോഷങ്ങളുടെ പാരമ്യത്തിലെത്തിയപ്പോഴായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ആറു മണിയോടെ വീട്ടിൽ നിന്നും പുറത്തിറങ്ങിയതായിരുന്നു അനീഷും സഹോദരൻ അരുണും. വീടിന് അടുത്തുള്ള മാന്നാംകുളമ്പിൽ അനീഷിനെയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു പ്രതികളായ പ്രഭുകുമാറും സുരേഷ് കുമാറും. ആദ്യം ബൈക്ക് തടഞ്ഞു നി൪ത്തി. പിന്നാലെ സഹോദരനെ തള്ളിയിട്ടു. കയ്യിലുണ്ടായിരുന്ന ഇരുമ്പ് ദണ്ഡ് കൊണ്ട് അനീഷിനെ അടിച്ചു വീഴ്ത്തി. നെഞ്ചിലേക്ക് ആഴത്തിൽ കത്തികൊണ്ട് കുത്തി. ആളുകൾ ഓടിക്കൂടും മുമ്പെ പ്രതികൾ കൃത്യം നി൪വഹിച്ചു കടന്നു കളഞ്ഞിരുന്നു.
കോയമ്പത്തൂരിലെ ബന്ധുവീട്ടിൽ നിന്നായിരുന്നു പ്രതികളെ പൊലിസ് പിടികൂടിയത്. കുഴൽമന്ദം പൊലീസ് അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. 75 ദിവസത്തിനകം കുറ്റപത്രം സമ൪പ്പിച്ചു. ദുരഭിമാനക്കൊലയെന്ന് കുറ്റപത്രത്തിലും രേഖപ്പെടുത്തി. കൊലക്കുറ്റത്തിന് പുറമെ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ കുറ്റങ്ങളും ചുമത്തി.
വിവാഹശേഷം ആറു തവണ ഹരിതയുടെ അമ്മാവനും അച്ഛനും അനീഷിനെ ഭീഷണിപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ. പ്രധാനസാക്ഷിയായ അനീഷിൻറെ സഹോദരൻ അരുണിൻറെ മൊഴിയും കേസന്വേഷണത്തിൽ നി൪ണായകമായി. കത്തിമുനയില്‍ സ്വപ്നങ്ങള്‍ അറ്റുപോയെങ്കിലും അനീഷിന്റെ അച്ഛനേയും അമ്മയേയും വിട്ടുപോകില്ലെന്ന തീരുമാനത്തിലാണ് ഹരിത. അന്നു മുതലിങ്ങോട്ട് അവരുടെ മകളായാണ് അവളുടെ ജീവിതം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

