തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഫിറ്റ്‌നസ് നൽകിയ വെറ്റിനറി ഓഫീസറുടെ വിശ്വാസ്യതയിൽ സംശയം ഉന്നയിച്ച് ഹൈക്കോടതി. ആനയ്ക്ക് കാഴ്ച ഇല്ലെന്നാണ് മനസിലാക്കുന്നത്. ആനയുടെ ഉത്തരവാദിത്തം ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഏറ്റെടുക്കണമെന്നും നടപടി ക്രമങ്ങൾ പാലിച്ചാണോ എഴുന്നള്ളിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശം നൽകി.
മൂന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയ ആറ് സർട്ടിഫിക്കറ്റുകൾ ഉണ്ടെന്ന് വനം വകുപ്പ് മറുപടി നൽകിയെങ്കിലും ആനയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പരിശോധിച്ച ശേഷം നടപടി എടുക്കുമെന്നാണ് വനം വകുപ്പ് അറിയിച്ചിട്ടുള്ളത്. പൂരം നടത്തിപ്പിലെ പ്രതിസന്ധിയിൽ ഹൈക്കോടതിയിൽ ഇന്ന് സ്‌പെഷ്യൽ സിറ്റിംഗ് ആണ് നടന്നത്. മുഴുവൻ ആനകളുടെയും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് അടക്കം ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എങ്ങനെ എഴുന്നള്ളിക്കാൻ സാധിക്കുമെന്നായിരുന്നു കോടതിയുടെ പ്രധാന ചോദ്യം. മനുഷ്യ-മൃഗ സംഘർഷങ്ങളിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ട് കഴിഞ്ഞു. ഇനി കൂടുതൽ അപകടങ്ങൾ ആവർത്തിക്കരുത്. സുരക്ഷയാണ് വിശ്വാസത്തേക്കാൾ മുന്നിൽ വരേണ്ടതെന്നും കോടതി വ്യക്തമാക്കി. ആനകൾ നിൽക്കുന്നയിടത്ത് ജനങ്ങൾ പാലിക്കേണ്ട ദൂരപരിധിയടക്കമുള്ള നിർദേശങ്ങൾ അപ്രായോഗികമെന്ന് പാറമേക്കാവ് ദേവസ്വം കോടതിയിൽ വാദം ഉന്നയിച്ചു.
ആനകളിൽ നിൽക്കുന്നയിടത്ത് നിന്ന് പാലിക്കേണ്ട ദൂരപരിധി ആറ് മീറ്ററാക്കി ഹൈക്കോടതി ചുരുക്കിയിട്ടുണ്ട്. എന്നാൽ, ആനകൾ നിൽക്കുന്നയിടത്ത് നിന്ന് ആറ് മീറ്ററിനുള്ളിൽ തീവെട്ടി പാടില്ലെന്ന് കോടതി കൃത്യമായി നിർദേശിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

