സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് അഞ്ച് ശതമാനം വോട്ടുകളുടെ കുറവ് ഉണ്ടായെന്നും എൽഡിഎഫിന് ഒരു ശതമാനത്തിന്റെ കുറവ് മാത്രമാണ് ഉണ്ടായതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫിന് ഒരു സിറ്റിങ് സീറ്റും നഷ്ടമായി. പരാജയം സംബന്ധിച്ച് ആവശ്യമായ പരിശോധനയും തിരുത്തലും നടത്തും. സംസ്ഥാനത്ത് എൽഡിഎഫിന് മൊത്തത്തിൽ പരാജയമാണ് ഉണ്ടായത്. കഴിഞ്ഞ തവണയും എൽഡിഎഫിന് ഒരു സീറ്റാണ് ലഭിച്ചത്. തോൽവി സംബന്ധിച്ച് എല്ലാ പരിശോധനയും നടത്തും. മുന്നണിക്ക് അടിസ്ഥാന വോട്ടുകൾ നഷ്ടപ്പെട്ടിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു
യുഡിഎഫിന് 2019ൽ 47 ശതമാനം വോട്ടുകളാണ് ലഭിച്ചതെങ്കിൽ ഇത്തവണ അത് 42 ആയി കുറഞ്ഞുവെന്ന് ഗോവിന്ദൻ ചൂണ്ടിക്കാട്ടി. 36 ശതമാനം വോട്ടാണ് കഴിഞ്ഞ തവണ എൽഡിഎഫിന് ലഭിച്ചത്. ഇത്തവണ ഒരു ശതമാനത്തിന്റെ കുറവ് മാത്രമാണ് ഉണ്ടായത്. അതുകൊണ്ട് എൽഡിഎഫിന്റെ അടിത്തറ തകർന്നെന്ന പ്രചരണം തെറ്റാണ്. മാധ്യമങ്ങൾ യുഡിഎഫിന്റെ ഘടകക്ഷിയായിട്ട് പ്രവർത്തിച്ചിട്ടും ഒരു ശതമാനത്തിന്റെ കുറവ് മാത്രമേയുണ്ടായിട്ടുള്ളു. യുഡിഎഫിന് ഒരു സീറ്റ് കുറയുകയും ചെയ്തു. ആറ്റിങ്ങലിൽ ജോയ് 684 വോട്ടിനാണ് പരാജയപ്പെട്ടത്. അത് ജയിച്ച തോൽവിയാണ്. അതിനെ തോറ്റ കൂട്ടത്തിൽപ്പെടുത്തേണ്ടതില്ല. ഇവിടെ ആര് ജയിച്ചാലും ഡൽഹിയിലെത്തിയാൽ ഒന്നിച്ചുനിൽക്കുന്നവരാണെന്ന ജനങ്ങളുടെ ചിന്തയും അവർക്ക് വോട്ട് ചെയ്യാൻ കാരണമായിട്ടുണ്ടാകും.
തൃശൂർ ബിജെപിക്ക് ലഭിക്കാൻ കാരണം കോൺഗ്രസ് വോട്ടുകളാണ്. കോൺഗ്രസിന്റെ വോട്ടുകൾ കോൺഗ്രസ് പിടിക്കുമെന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ അതുണ്ടായില്ല. 86,000 വോട്ടുകളാണ് കോൺഗ്രസിന് കുറഞ്ഞത്. സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 74,000. എൽഡിഎഫിന് അവിടെ ആറായിരത്തിലധികം വോട്ടുകൾ കൂടിയിട്ടുണ്ട്. ബാക്കി മാധ്യമങ്ങൾ കണക്കു കൂട്ടിക്കോളൂ. നേമത്ത് മുൻപ് ഉണ്ടായതുപോലെ കോൺഗ്രസാണ് തൃശൂരിൽ ബിജെപിയെ വിജയിപ്പിച്ചത്. തിരഞ്ഞടുപ്പിൽ വിജയവും പരാജയവും സ്വാഭാവികമാണ്. പരാജയത്തിന്റെ അടുത്ത ഘട്ടമാണ് വിജയം. വിജയത്തിന്റെ ഭാഗമായി നിൽക്കുമ്പോഴും പരാജയമുണ്ടാകും. സിപിഎമ്മിന് യാതൊരു പ്രതിസന്ധിയുമില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

