ഒടുവിൽ തൃശൂർ ‘അങ്ങ് എടുത്ത്’ വിമർശകർക്ക് മറുപടി നൽകിയിരിക്കുകയാണ് സുരേഷ് ഗോപി. മുന്നണികളെ ഒരുപോലെ ഞെട്ടിക്കുന്നതാണ് തൃശൂരിലെ ബിജെപിയുടെ മുന്നേറ്റം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 40,000+ വോട്ടുകളുടെ ലീഡാണ് തൃശൂരുകാർ സുരേഷ് ഗോപിയ്ക്ക് നൽകിയിരിക്കുന്നത്. വോട്ടെണ്ണൽ പുരോഗമിക്കുന്നത് ഇടത് ശക്തികേന്ദ്രങ്ങളിലാണെന്നതാണ് എടുത്ത് പറയേണ്ട കാര്യം. കോൺഗ്രസിന്റെ സർജിക്കൽ സ്ട്രൈക്ക് എന്ന് വിശേഷിപ്പിച്ച കെ മുരളീധരന്റെ വരവിന് ഒരു ചലനവും സൃഷ്ടിക്കാൻ കഴിഞ്ഞില്ലെന്നതാണ് മറ്റൊരു കാര്യം.
സംസ്ഥാന നേതൃത്വവുമായി ഒരിക്കലും സുരേഷ് ഗോപി തന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചിരുന്നില്ല. താൻ കേന്ദ്ര നേതൃത്വത്തിന്റെ ചോയിസ് ആണെന്ന പ്രതീതിയുണ്ടാക്കിയാണ് സുരേഷ് ഗോപി മുന്നോട്ട് പോയത്. തൃശൂരിന് ഒരു കേന്ദ്ര മന്ത്രി മോദിയുടെ ഗ്യാരണ്ടി എന്നതാണ് തിരഞ്ഞെടുപ്പ് ചുവരെഴുത്തുകളിൽ ആദ്യം എഴുതിച്ചേർത്ത വാചകം.
പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് തവണയാണ് സുരേഷ്ഗോപിക്ക് വേണ്ടി തൃശൂരിലെത്തിയത്. ഇതോടെ കേന്ദ്രത്തിന്റെ സ്വന്തമാളെന്ന പ്രതീതി കൂടുതൽ ശക്തിപ്പെട്ടു. മകളുടെ വിവാഹത്തിനും മോദി എത്തിയതിനും രാഷ്ട്രീയ പ്രാധാന്യം കൈവന്നു. ഒരർത്ഥത്തിൽ ദേശീയതലത്തിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അനൗദ്യോഗിക തുടക്കം പോലും തൃശൂരിൽ നിന്നായിരുന്നു.സ്ത്രീയ ശക്തി സമ്മേളനവും സുരേഷ് ഗോപിക്ക് ഗ്രേസ് മാർക്കായി. തന്നിൽ സംസ്ഥാന ബിജെപിക്ക് നിയന്ത്രണം ഒന്നുമില്ലെന്നും കേന്ദ്രത്തിന്റെ സ്വന്തം ആളാണെന്നും ജനങ്ങൾക്കിടയിലും പാർട്ടി അണികൾക്കിടയിലും പ്രതീതി ഉണ്ടാക്കാനും സുരേഷ് ഗോപിക്കായി. ലൂർദ് മാതാവിന് സ്വർണക്കിരീടം സമർപ്പിച്ചുകൊണ്ടു ന്യൂനപക്ഷ സമൂഹത്തിന്റെ പിന്തുണയും ഉറപ്പാക്കാൻ കഴിഞ്ഞു. സ്ത്രീകളുടെ പിന്തുണ നേടാനായതാണ് സുരേഷ് ഗോപിക്ക് അനുകൂലമായതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

