തൃശൂര്‍ പൂരം കലക്കലില്‍ കേസെടുത്ത് പൊലീസ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി)യുടെ നിര്‍ദേശപ്രകാരം ഗൂഡാലോചനയ്ക്കാണ് കേസെടുത്തത്. എസ്‌ഐടി സംഘത്തിലെ ഇന്‍സ്‌പെക്ടര്‍ ചിത്തരഞ്ജന്റെ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എഫ്‌ഐആറില്‍ ആരുടെയും പേര് ചേര്‍ത്തിട്ടില്ല. എഫ്‌ഐആര്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ഇന്നലെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ ഉണ്ടാക്കല്‍, ഗൂഡാലോചന, മതപരമായ ആഘോഷം തടസ്സപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ചേര്‍ത്തത്. പൂരം കലക്കലുമായി ബന്ധപ്പെട്ട വിവിധ റിപ്പോര്‍ട്ടുകളുടെയും പരാതികളുടെയും അടിസ്ഥാനത്തില്‍ ഗൂഡാലോചന അന്വേഷിക്കണമെന്നാണ് പരാതി.
പൂരം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ക്രൈംബ്രാഞ്ചിന്‍റെ നേതൃത്വത്തിലാണ് ഇതില്‍ പ്രധാന അന്വേഷണം നടക്കുന്നത്. പൂരം കലക്കലില്‍ എഡിജിപി എം.ആര്‍ അജിത് കുമാറിന്‍റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. അന്വേഷണത്തില്‍ കണ്ടെത്തിയ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ അന്വേഷിക്കാനാണു ഈ മാസം 17ന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

