കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആറിന് നാടിന് സമർപ്പിക്കും. ബുധനാഴ്ച രാവിലെ പത്തിന് കൽക്കത്തയിൽ നിന്ന് ഓൺലൈനായി പ്രധാനമന്ത്രി മെട്രോ ഫ്ലാഗ് ഓഫ് ചെയ്യും.
അതേസമയം തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിൻ ആലുവ സ്റ്റേഷനിലേക്ക് പുറപ്പെടും. ആദ്യ ട്രെയിൻ പുറപ്പെട്ടതിന് ശേഷം അന്നേദിവസം തന്നെ പൊതുജനങ്ങൾക്കായി തൃപ്പൂിത്തുറയിൽ നിന്ന് ട്രെയിൻ സർവ്വീസ് ആരംഭിക്കും.
പുതുതായി നിർമ്മിച്ച തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിൽ രാവിലെ 9.45 മുതൽ കൊച്ചി മെട്രോ ഫേസ് 1-B നാടിന് സമർപ്പിക്കുന്നതിന്റെ ചടങ്ങുകൾ ആരംഭിക്കും. ജനപ്രതിനിധികളും വിവിധ വിശിഷ്ഠ വ്യക്തികളും സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും.
ആലുവ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ വരെ 75 രൂപയാണ് അംഗീകൃത ടിക്കറ്റ് നിരക്ക്. എന്നാൽ ഉദ്ഘാടനത്തോടനുബന്ധിച്ച് നിലവിൽ ആലുവയിൽ നിന്ന് എസ്.എൻ ജംഗ്ഷനിലേക്കുള്ള യാത്രാ നിരക്കായ 60 രൂപ കൊച്ചി മെട്രോ ഒരു സ്റ്റേഷൻ കൂടി കടന്ന് തൃപ്പൂണിത്തുറയിലേക്ക് എത്തുമ്പോഴും മാറ്റമില്ലാതെ തുടരും. അതായത് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ 15 രൂപ ഇളവോടെ ആലുവയിൽ നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷനിലേക്കുള്ള ടിക്കറ്റ് നിരക്ക് 60 രൂപയായിരിക്കും.
തൃപുണിത്തുറ മെട്രോ സ്റ്റേഷൻ തൂണുകളും മ്യൂറൽ ചിത്രങ്ങളാൽ സമ്പന്നമാണ്. സ്റ്റേഷന് മുൻവശത്തെ തൂണുകളിൽ തൃപ്പൂണിത്തുറയുടെ ചരിത്രത്തിന്റെ ഭാഗമായ അത്തച്ചമയത്തിലെ വിവിധ കാഴ്ച്ചകളാണ് മ്യൂറൽ ചിത്രങ്ങളായി ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ വിവിധ നൃത്തരൂപങ്ങളുടെ ശില്പങ്ങളുമായി ഒരുക്കിയിരിക്കുന്ന ഡാൻസ് മ്യൂസിയം ഈ സ്റ്റേഷന്റെ മറ്റൊരു പ്രത്യേകതയാണ്. ഡാൻസ് മ്യൂസിയവും ഉടനെ പൊതുജനങ്ങൾക്കായി തുറന്ന് നൽകും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

