തൃപ്പൂണിത്തുറയില്‍ പടക്കപ്പുരയിൽ വൻ സ്‌ഫോടനം: ഒരു മരണം

തൃപ്പൂണിത്തുറയിൽ പുതിയകാവ് വടക്കുപുറം കരയോഗത്തിന്റെ ഊരക്കാട്ടുള്ള പടക്കപ്പുരയ്ക്കു തീപിടിച്ചുണ്ടായ സ്ഫോടനത്തിൽ ഒരു മരണം. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത്. നിരവധിപ്പേർക്ക് പരുക്കേറ്റു. ഇവരെ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

സമീപത്തെ 25 വീടുകൾക്കു കേടുപാടുകൾ പറ്റി. രണ്ടു കിലോമീറ്റർ അകലേക്കു വരെ സ്ഫോടനത്തിന്റെ ആഘാതമുണ്ടായെന്നു സമീപവാസികൾ പറയുന്നു. ഒരു വാഹനം കത്തിനശിച്ചു. അപകടത്തെ തുടർന്ന് തൃപ്പൂണിത്തുറ– വൈക്കം റോഡിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളും വീടുകളുമെല്ലാമുള്ള സ്ഥലാണ് ഇത്. വലിയ സ്ഫോടനമാണ് ഉണ്ടായിട്ടുള്ളതെന്ന് സമീപവാസികൾ പറയുന്നു. വീടുകളുടെ ചില്ലുകളും മറ്റു വസ്തുക്കളും തകർന്നെന്ന് വീട്ടുകാർ പറയുന്നു. അടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി പടക്കങ്ങൾ സൂക്ഷിച്ചിരുന്നിടത്താണ് അപകടമെന്ന് കരുതുന്നു. പടക്കങ്ങൾ ഇറക്കുന്നതിനിടെയാണ് അപകടമെന്നാണ് പ്രാഥമിക വിവരം.

ആറു തവണ സ്ഫോടനം ഉണ്ടായതായാണ് വിവരം. ഫയൽഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്. ആദ്യം ഗ്യാസ് പൊട്ടിത്തെറിച്ചത് എന്നാണ് എല്ലാവരും കരുതിയത്. പിന്നീടാണ് പടക്കപ്പുരയിൽ ഉണ്ടായ പൊട്ടിത്തെറി എന്നു മനസ്സിലാകുന്നത്. പന്ത്രണ്ട് വീടുകൾ സ്ഫോടനം നടന്നതിന്റെ സമീപത്തുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply