തിരോധാന കേസില്‍ വഴിത്തിരിവ്; നൗഷാദിനെ ജീവനോടെ കണ്ടെത്തി

പത്തനംതിട്ട കലഞ്ഞൂരിൽനിന്ന് കാണാതായ നൗഷാദിന്‍റെ തിരോധാന കേസിൽ വന്‍ വഴിത്തിരിവ്. തൊമ്മൻകുത്ത് ഭാഗത്ത് നിന്നും നൗഷാദിനെ ജീവനോടെ കണ്ടെത്തി. ഇയ്യാളെ തൊടുപുഴ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചു. 2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പോലീസിൽ പരാതി നൽകുന്നത്. അന്ന് അന്വേഷണം നടന്നെങ്കിലും കാര്യമായ പുരോഗതി ഒന്നും തന്നെ ഉണ്ടായില്ല. ആറ് മാസം മുൻപ് ഭാര്യ അഫ്സാനയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, അഫ്സാനയുടെ മൊഴിയില്‍ പോലീസിന് സംശയം തോന്നി. തുടർന്ന് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍, ഒന്നരവർഷം മുൻപ് പറക്കോട് പരുത്തിപ്പാറയിൽ വാടകയ്ക്ക് താമസിക്കുമ്പോൾ നൗഷാദിനെ കൊലപ്പെടുത്തിയതായി ഭാര്യ അഫ്സാന പോലീസിനോട് പറഞ്ഞു. തലക്കടിച്ച് കൊന്നു എന്നാണ് പറഞ്ഞ്. വീട്ടുവഴക്കിനെ തുടർന്നായിരുന്നു കൊലപാതകം, ഇതായിരുന്നു അവരുടെ മൊഴി.

അഫ്സാനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇവരെ അറസ്റ്റും രേഖപ്പെടുത്തുകയും നിരവധി ഇടങ്ങളിൽ മൃതദേഹത്തിനായി പോലീസ് പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇടയ്ക്ക് നൗഷാദിനെ തിരികെ കൊണ്ടുവരണമെന്നു തനിക്ക് ആഗ്രഹമുണ്ടെന്ന് അഫ്സാന പറഞ്ഞിരുന്നു. ഇതാണ് നൗഷാദ് ജീവിച്ചിരിപ്പുണ്ടെന്ന സംശയത്തിലേക്കു പോലീസിനെ നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. തെളിവ് നശിപ്പിക്കൽ, പോലീസിനെ കബളിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിലാണ് നിലവിൽ അഫ്സാനയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply