തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപികയും സുഹൃത്തുക്കളായ ദമ്പതിമാരും അരുണാചൽ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോട്ടയം സ്വദേശികളായ നവീൻ, ഭാര്യ ദേവി, ദേവിയുടെ സുഹൃത്ത് ആര്യ എന്നിവരെയാണ് അരുണാചലിലെ ഹോട്ടൽ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു എന്നെഴുതിയ കുറിപ്പ് മൃതദേഹത്തിന് അരികില്‍ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൂവരുടെയും ശരീരത്തിൽ വ്യത്യസ്തമായ മുറിവുകളുണ്ടായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. മുറിവുകളിൽ നിന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്.
അരുണാചലിലെ ഇറ്റാനഗറിലുള്ള ഹോട്ടലിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്ന ആര്യയുടെ തിരോധാനത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് കൂട്ട മരണത്തിന്റെ വിവരം പുറത്ത് വരുന്നത്. മാര്‍ച്ച് 27 ന് വീട്ടുകാരോടൊന്നും പറയാതെ ആര്യ ഇറങ്ങിപ്പോവുകയായിരുന്നു. ആര്യയെ ഫോണിലും ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ബന്ധുക്കൾ വിവരം പൊലീസിൽ അറിയിച്ചു. സംഭവത്തിൽ കേസെടുത്ത വട്ടിയൂര്‍ക്കാവ് പൊലീസിന്റെ അന്വേഷണത്തിലാണ് ആര്യയുടെ സുഹൃത്തായ ദേവിയെയും ഭര്‍ത്താവിനെയും കാണാനില്ലെന്ന വിവരം ലഭിച്ചത്. വിമാന മാര്‍ഗം മൂവരും ഗുവാഹത്തിയിലേക്ക് പോയതായും കണ്ടെത്തിയിരുന്നു. നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. അതിനാൽ ബന്ധുക്കൾക്കൊന്നും സംശയമുണ്ടായിരുന്നില്ല. എന്നാൽ ആര്യയുടെ തിരോധാനം അന്വേഷിച്ചപ്പോഴാണ് ദേവിയും നവീനും ഒപ്പം പോയതാണെന്ന് മനസിലായത്.
മാർച്ച് 17 നാണ് നവീനും ഭാര്യയും മീനടത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയത്. മാർച്ച് 28 നാണ് ഇവര്‍ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. തിരുവനന്തപുരത്ത് സ്വകാര്യ മെഡിക്കൽ കോളജിൽ ആയുർവേദ പഠന കാലത്ത് പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇരുവരും. 13 വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. പിന്നീട് തിരുവനന്തപുരത്ത് ആയുർവേദ റിസോർട്ടിൽ ഉൾപ്പെടെ ജോലി ചെയ്തു. ഇരുവര്‍ക്കും കുട്ടികളില്ല. കഴിഞ്ഞ ഒരു വർഷമായി മീനടത്ത് മാതാപിതാക്കൾക്കൊപ്പമായിരുന്നു ഇവരുടെ താമസം. മൂന്ന് നാല് ദിവസം കഴിഞ്ഞേ വരൂ എന്നാണ് അവസാനം വിളിക്കുമ്പോൾ ഇവര്‍ പിതാവിനോട് പറഞ്ഞത്. ആയുർവേദ പ്രാക്ടീസ് അവസാനിപ്പിച്ച ശേഷം നവീൻ ഓൺലൈൻ ട്രേഡിംഗിലേക്കും ദേവി ജർമ്മൻ ഭാഷ അധ്യാപനത്തിലേക്കും തിരിയുകയായിരുന്നു എന്നാണ് കുടുംബം പറയുന്നത്. പ്രമുഖ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ബാലന്‍ മാധവന്‍റെ മകളാണ് ദേവി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

