തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിൽപന നടത്തിയ കേസിൽ കുഞ്ഞിന്റെ അമ്മ അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശിയായ അഞ്ജുവാണ് തമ്പാനൂർ പോലീസിന്റെ പിടിയിലായത്. ഇവർ ദിവസങ്ങളായി മാരാരിമുട്ടത്തെ ഒരു വീട്ടിൽ ഒളിവിലായിരുന്നു.
തിരുവനന്തപുരം തൈക്കാട് ആശുപത്രിയിൽ പ്രസവിച്ചശേഷം കുഞ്ഞിനെ വിറ്റ കേസിലാണ് അഞ്ജു അറസ്റ്റിലാകുന്നത്. ഇവരുടെ സുഹൃത്ത് കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലായിരുന്നു. സുഹൃത്തിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അഞ്ജുവിനെ കണ്ടെത്തിയത്. സുഹൃത്താണ് വിൽപനയ്ക്ക് ഇടനില നിന്നത് എന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇയാൾ വിലപേശി കുഞ്ഞിനെ വിൽക്കുകയായിരുന്നു എന്നാണ് വിവരം. ഇതോടെ കുട്ടികളില്ലാത്തതിനാലാണ് യുവതിയ്ക്ക് കുഞ്ഞിനെ നൽകിയത് എന്ന വാദം പൊളിയുകയാണ്. കേസിൽ കർശനമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നാണ് പോലീസ് അറിയിക്കുന്നത്.
ഈ മാസം ഏഴിന് തൈക്കാട്ടെ ഗവൺമെന്റ് ആശുപത്രിയിൽ യുവതി പ്രസവിച്ച നവജാത ശിശുവിനെ വിറ്റതായാണ് പോലീസ് കണ്ടെത്തിയത്. പത്താം തീയതിയാണ് വിൽപന നടന്നത്. മൂന്നു ലക്ഷം രൂപ നൽകി കരമന സ്വദേശികളാണ് കുഞ്ഞിനെ വാങ്ങിയത്. തങ്ങൾക്കു കുട്ടികളില്ലാത്തതിനാൽ സുഹൃത്ത് കുഞ്ഞിനെ നൽകിയതായിരുന്നു എന്നായിരുന്നു ഇവർ നൽകിയ വിശദീകരണം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

