തിരുവനന്തപുരം പേട്ടയിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം; കുട്ടിയെ എടുത്ത് കൊണ്ട് പോയത് ഉപദ്രവിക്കാൻ, ബോധം പോയപ്പോൾ ഉപേക്ഷിച്ച് കടന്നു

തിരുവനന്തപുരം പേട്ടയിൽ നിന്നും നാടോടി ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി സിറ്റി പൊലീസ് കമ്മീഷണർ‌ സി എച്ച് നാ​ഗരാജു. കൊല്ലം ചിന്നക്കടയിൽ നിന്ന് ഇന്ന് രാവിലെയാണ് പ്രതി ഹസൻകുട്ടി എന്ന കബീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ എടുത്തു കൊണ്ടു പോയി ഉപദ്രവിക്കാൻ ശ്രമിച്ചു. കരഞ്ഞപ്പോൾ വായ് പൊത്തിപിടിച്ചു, കുട്ടിയുടെ ബോധം പോയപ്പോൾ പേടിച്ച് ഉപേക്ഷിച്ചെന്നാണ് പ്രതി പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

നൂറിലേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിയതെന്ന് കമ്മീഷണര്‍ വിശദമാക്കി. പോക്സോ, ഭവനഭേദനം, മോഷണം എന്നിവ അടക്കം എട്ടോളം കേസുകളിലെ പ്രതിയാണ് ഹസന്‍കുട്ടി. നിരവധി മോഷണക്കേസുകളും ഇയാളുടെ പേരിലുണ്ട്. 11 വയസുകാരിയെ ഉപദ്രവിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇയാള്‍ കഴിഞ്ഞ ജനുവരി മാസത്തിലാണ് പുറത്തിറങ്ങിയത്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണ് പ്രതി. ഇയാൾക്ക് സ്ഥിരമായി മേൽവിലാസമില്ല. ലൈം​ഗിക കുറ്റകൃത്യങ്ങൾ‌ സ്ഥിരമായി ചെയ്യുന്ന ആളാണ് ഇയാളെന്നും വായിക്കാനോ എഴുതാനോ അറിയാത്ത ആളാണെന്നും കമ്മീഷണർ വ്യക്തമാക്കി. ഫോട്ടോഗ്രാഫിൽ നിന്നും പ്രതിയെ തിരിച്ചറിയാൻ ജയിൽ ഉദ്യോഗസ്ഥർ സഹായിച്ചുവെന്നും കമ്മീഷണർ പറഞ്ഞു.

ട്രെയിന്‍ ഇറങ്ങി നടന്നുപോകുന്ന സമയത്താണ് പേട്ടയിലെ കുട്ടിയെ കാണുന്നതും തട്ടിക്കൊണ്ടുപോകുന്നതും. ഉപദ്രവിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുട്ടിയെ എടുത്തുകൊണ്ട് പോയെന്നും പ്രതി മൊഴി നല്‍കിയതായി കമ്മീഷണര്‍ പറഞ്ഞു. രാത്രി തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് അനുമാനം. ട്രെയിൻ ഇറങ്ങി, അന്നേ ദിവസം 10.30ന് അവിടെ വന്ന് കരിക്ക് കുടിച്ചു. അപ്പോൾ ഈ കുട്ടിയെ കണ്ടുവെന്നും എടുത്തുകൊണ്ടു പോയെന്നുമാണ് മൊഴിയിലുള്ളത്. പേട്ട റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ചാക്കയിലേക്ക് നടക്കുകയായിരുന്നു. ഗുജറാത്തിലാണ് ജനിച്ചതാണെന്നും ഇപ്പോൾ ഉള്ള രക്ഷിതാക്കൾ ദത്തെടുത്തതാണെന്നും പറയുന്നു. രേഖകൾ പ്രകാരം പത്തനംതിട്ട അയിരൂർ ആണ് ഇയാളുടെ സ്വദേശം.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply