താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനവുമായി റിട്ട ജസ്റ്റിസ് നാരായണ കുറുപ്പ്. 2002 ൽ നടന്ന കുമരകം ബോട്ട് ദുരന്തം അന്വേഷിച്ച ജുഡീഷ്യൽ കമ്മിഷൻ അധ്യക്ഷനായിരുന്നു നാരായണ കുറുപ്പ്. ജലഗതാഗതത്തിന് സംസ്ഥാനത്തു സുരക്ഷ കമ്മിഷണർ നിയമിക്കണം എന്നായിരുന്നു അന്നത്തെ റിപ്പോർട്ടിലെ പ്രധാന ശുപാർശയെന്നും ഇത് സർക്കാർ അവഗണിച്ചുവെന്നും നാരായണ കുറുപ്പ് കുറ്റപ്പെടുത്തി.
തട്ടേക്കാട് തേക്കടി ദുരന്തങ്ങൾ ആവർത്തിക്കാൻ ഇടയാക്കിയത് ഇതാണെന്ന് ജസ്റ്റിസ് നാരായണ കുറുപ്പ് ചൂണ്ടിക്കാട്ടുന്നു. ദുരന്തങ്ങളിൽ നിന്നും ഒന്നും പഠിക്കാത്തത് വിഷമിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. താനൂരിലെ ബോട്ടിലേതിലെ പോലെ ഓവർലോഡാണ് കുമരകത്തും ദുരന്തതിന്റെ വ്യാപ്തി കൂട്ടിയത്. തുടർച്ചയായി പരിശോധനകൾ ഈ മേഖലയിൽ ആവശ്യമാണെന്നും റോഡിൽ ചെറിയ രൂപ മാറ്റം വരുത്തിയ വാഹനമിറക്കിയാൽ അപ്പോൾ മോട്ടോർ വാഹന വകുപ്പിന്റെ പിടിവീഴും. എന്നാൽ ഇങ്ങനെയുള്ള ബോട്ടുകൾ വെള്ളത്തിൽ ഇറക്കാമെന്ന സ്ഥിതിയാണ്. ഒന്നും അറിയാത്ത ജനങ്ങൾ ഇതിന്റെ ദുരന്തം അനുഭവിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
താനൂരിൽ ഇന്നലെയാണ് ബോട്ട് അപകടത്തിൽ പെട്ടത്. 40 ഓളം പേർ ബോട്ടിനകത്തുണ്ടായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഇവരിൽ 37 പേരെ ജീവനോടെയും അല്ലാതെയും കണ്ടെത്തി. 22 പേർ മരണമടഞ്ഞപ്പോൾ അഞ്ച് പേർ നീന്തി രക്ഷപ്പെട്ടു. 10 പേരെ രക്ഷിച്ചെടുക്കാനും സാധിച്ചു. ഒരാളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ അപകടം നടന്ന സ്ഥലത്തും സമീപത്തും തിരച്ചിൽ നടക്കുന്നുണ്ട്. അപകട സമയത്ത് ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

