താനൂരിലെ ബോട്ടപകടത്തിൽ അനുശോചനമറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. ട്വിറ്ററിലാണ് രാഷ്ട്രപതി അനുശോചനമറിയിച്ചത്. ‘കേരളത്തിലെ മലപ്പുറത്തെ ബോട്ടപകടം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. അതിജീവിച്ചവർ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചുവരട്ടെയെന്ന് പ്രാർത്ഥിക്കുന്നു’- രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
വിനോദയാത്രാ ബോട്ട് മുങ്ങിയുള്ള അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപാ വീതമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലെ മലപ്പുറത്തുണ്ടായ ബോട്ട് അപകടത്തിലെ ജീവഹാനിയിൽ ദുഖിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ദുരന്തത്തിൽ മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പിഎംഎൻആർ എഫിൽ നിന്ന് 2 ലക്ഷം രൂപ സഹായധനമായി നൽകുമെന്നും പ്രധാനമന്ത്രി കുറിച്ചു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അനുശോചനം അറിയിച്ചിരുന്നു. ട്വിറ്ററിലാണ് രാഹുൽ അനുശോചനമറിയിച്ചത്. മലപ്പുറത്ത് ഹൗസ് ബോട്ട് മറിഞ്ഞെന്ന വാർത്ത കേട്ട് ഞെട്ടിയെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരെയും അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ. രക്ഷാപ്രവർത്തനങ്ങളിൽ അധികൃതരെ ഹായിക്കാൻ കോൺഗ്രസ് പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നുവെന്നും രാഹുൽ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

