താനൂർ തൂവൽ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച സംഭവത്തിൽ ബോട്ട് ഉടമ നാസർ ഒളിവിൽ തുടരുന്നു. നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇയാളുടെ വീട്ടിനുള്ളിൽ ആൾക്കാരുണ്ടെങ്കിലും ആരും പുറത്തേക്ക് വരുന്നില്ല. നാസർ വീട്ടിലില്ലെന്നാണ് നാട്ടുകാർ പറയുന്നത്. താനൂർ സ്റ്റേഷനു തൊട്ടടുത്താണ് നാസറിന്റെ വീട്. ദീർഘകാലം വിദേശത്തായിരുന്ന നാസർ, നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ബോട്ട് സർവീസ് തുടങ്ങിയത്.
അപകടത്തിൽപെട്ട ബോട്ട്, മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തിയതെന്ന് ആരോപണമുണ്ട്. പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ വച്ചാണ് രൂപമാറ്റം നടത്തിയത്. ആലപ്പുഴ പോർട്ട് ചീഫ് സർവേയർ കഴിഞ്ഞ മാസം ബോട്ട് സർവേ നടത്തി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയതായും സൂചനയുണ്ട്. ബോട്ടിന് ഫിറ്റ്‌നസ് നൽകുമ്പോൾ രൂപരേഖയുൾപ്പെടെ നിർമാണത്തിന്റെ സകല വിവരങ്ങളും വ്യക്തമാക്കണമെന്നിരിക്കെയാണ് പോർട്ട് സർവേയറുടെ പ്രാഥമിക പരിശോധന പൂർത്തിയാക്കിയതെന്നാണ് വിവരം.
റജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായിരുന്നില്ല. ഇതിനു മുൻപാണ് ബോട്ട് സർവീസിനിറങ്ങിയതെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. മീൻപിടിത്ത ബോട്ട് ഒരു കാരണവശാലും രൂപമാറ്റം നടത്തി ഉല്ലാസ യാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്തതാണ്.
ഈ ബോട്ട് സർവീസ് ആരംഭിക്കുമ്പോൾ തന്നെ ബോട്ടിന്റെ ഘടന കണ്ട് മത്സ്യത്തൊഴിലാളികൾ, ഇത് വിനോദസഞ്ചാരത്തിന് ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് രണ്ട് നില ബോട്ടായിരുന്നു. വിനോദസഞ്ചാരത്തിന് ഉപയോഗിക്കുന്നതിനായി അടിഭാഗം ഫ്ളാറ്റായിട്ടായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ, ഈ ബോട്ടിന്റെ അടിഭാഗം മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടിന് സമാനമായി റൗണ്ടിലാണ്. കൂടുതൽ ആളുകൾ കയറിയാൽ, ഇത് ഒരു ഭാഗത്തേക്ക് ചരിഞ്ഞുപോകും. ഇതാണ് അപകടത്തിനിടയാക്കിയത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

