സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റിന് അംഗീകൃത പരിശീലകരുടെ സാന്നിധ്യം ശനിയാഴ്ചമുതൽ നിർബന്ധമാക്കി ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരവിറക്കി. പഠിതാക്കളെ ടെസ്റ്റിനെത്തിക്കേണ്ടത് അതത് സ്‌കൂളുകളുടെ അംഗീകൃത പരിശീലകൻ നേരിട്ടായിരിക്കണം. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇവർ രജിസ്റ്ററിൽ ഒപ്പിടണം.
ഒരു അംഗീകൃത പരിശീലകൻ ഒന്നിലധികം സ്‌കൂളുകളുടെ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നത് തടയിടാൻ സ്‌കൂൾ രജിസ്റ്ററുകൾ ഒത്തുനോക്കും. ഡ്രൈവിങ് സ്‌കൂളുകളിൽ പ്രവേശനരജിസ്റ്റർ (ഫോം 14), തിയറി ക്ലാസുകളുടെ ഹാജർ (ഫോം 15), എന്നിവ നിർബന്ധമാണ്. ഇതിൽ പഠിതാക്കളും പരിശീലകനും അതത് ദിവസങ്ങളിൽ ഒപ്പിടണം.
ഒരു സ്‌കൂളിൽ പഠിച്ചയാളെ മറ്റൊരു സ്‌കൂളിലെ പരിശീലകന്റെ പേരിൽ ടെസ്റ്റിന് ഹാജരാക്കിയാൽ രജിസ്റ്റർ പരിശോധിച്ച് കണ്ടെത്താനാകും. തിരിമറികാട്ടുന്ന സ്‌കൂളുകൾക്കെതിരേ കർശനനടപടിക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ സഹായമില്ലാതെ ഇത്തരം ക്രമക്കേട് നടക്കില്ല. ഇത്തരം ഉദ്യോഗസ്ഥരെ കുടുക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർ സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. അതേസമയം ഡ്രൈവിങ് സ്‌കൂളിൽ പഠിച്ചവർക്ക് വേണമെങ്കിൽ സ്വന്തം വാഹനത്തിൽ ടെസ്റ്റിൽ പങ്കെടുക്കാനാകും. ഇതിന് അംഗീകൃത പരിശീലകൻ സ്ഥലത്ത് ഉണ്ടാകേണ്ടതില്ല. ആർക്കും സ്വന്തംവാഹനത്തിൽ ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാമെന്നാണ് വ്യവസ്ഥ.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

