ഡികെ ശിവകുമാറിന് ഭ്രാന്താണെന്നും കേരളത്തിലെ സാംസ്‌കാരിക ജീവിതത്തെ പരിഹസിക്കുന്ന പ്രസ്താവനയാണ് നടത്തിയതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രാജരാജേശ്വര ക്ഷേത്രം അത്തരം മന്ത്രവാദ പൂജകൾ നടക്കുന്ന ഇടമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എക്‌സാലോജിക് വിവാദത്തിൽ മുഖ്യമന്ത്രിയെയും മകൾ വീണയെയും പൂർണമായി പിന്തുണച്ച എംവി ഗോവിന്ദൻ മാധ്യമങ്ങൾ കള്ള പ്രചാരണം നടത്തിയാൽ അതിനെ ആശയം കൊണ്ട് നേരിടുമെന്നും പറഞ്ഞു.
പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ കുടുക്കിയും ജയിലിൽ അടച്ചും ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാൻ ബിജെപി ശ്രമിച്ചു. എന്നിട്ടും മോദി ഗ്യാരണ്ടി പോലുള്ള ചെപ്പടി വിദ്യ പോലും ജനം ഉൾക്കൊണ്ടില്ല. സമനില തെറ്റിയ രീതിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണം നടത്തിയത്. രാജ്യത്ത് വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ച അദ്ദേഹം പച്ചയായ മുസ്ലിം വിരുദ്ധത പ്രകടിപ്പിച്ചു. ദൈവത്തിൻറെ നേരവകാശി ആണെന്ന പ്രഖ്യാപനം വരെ നടത്തി. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ദൈവമാണെന്ന് സ്വയം പ്രഖ്യാപിച്ചാലും അതിശയമില്ല. ഇപ്പോൾ വിവേകാനന്ദ പാറയിൽ ധ്യാനമിരിക്കുന്ന നരേന്ദ്ര മോദി താൻ തന്നെ ദൈവം എന്ന് പറയുമോ? രാഷ്ട്രീയം ഇതുപോലെ അധ:പതിപ്പിച്ച മറ്റൊരു പ്രധാനമന്ത്രി ഇന്ത്യയിൽ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ശശി തരൂരിന്റെ എംപി പാസ് ഉപയോഗിച്ചാണ് ജീവനക്കാരൻ എയർപോർട്ടിൽ കടന്ന് സ്വർണം കടത്തിയത്. മുഖ്യമന്ത്രിക്കും മകൾ വീണക്കുമെതിരെ നടക്കുന്നത് അപവാദ പ്രചാരണമാണ്. പുതിയ ആരോപണങ്ങൾ നിരന്തരം ഉയർത്തിക്കൊണ്ടിരിക്കുകയാണ്. ലാവ്ലിൻ അടക്കമുള്ള ആരോപണങ്ങൾ കോടതി നിഷ്‌കരുണം തള്ളിയതാണ്. നട്ടാൽക്കുരുക്കാത്ത നുണ പ്രചരിപ്പിക്കുകയാണ്. എക്‌സാലോജിക് ആരോപണ പരമ്പര പ്രതിപക്ഷവും മാധ്യമങ്ങളും ഒരുപോലെ മുന്നോട്ട് വെച്ചു. കോടതിയിൽ നിന്ന് പ്രഹരമേറ്റ മാത്യു കുഴൽനാടൻ ഇപ്പോൾ മൂലക്ക് ഇരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എക്‌സാലോജിക് ആരോപണത്തിൽ കോൺഗ്രസും ബിജെപിയും നുണ പ്രചരിപ്പിക്കുകയാണ്. വസ്തുത പരിശോധിക്കാതെ ചില മാധ്യമങ്ങൾ ഇത് ഏറ്റുപിടിക്കുന്നു. രണ്ടും രണ്ട് കമ്പനികളാണെന്ന് അധികൃതർ തന്നെ വ്യക്തമാക്കി. പരസ്പര ബന്ധമില്ലാത്ത കമ്പനികളെ തമ്മിൽ ചേർത്ത് അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കുന്നു. മാധ്യമങ്ങൾ നിരന്തരം കള്ള പ്രചാരണം നടത്തിയാൽ അതിനെ ആശയം കൊണ്ട് തന്നെ നേരിടും. എന്ത് തോന്നിവാസവും വിളിച്ച് പറയാൻ മാധ്യമങ്ങൾക്ക് അർഹതയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

