തൃശൂർ വെളപ്പായയിൽ ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊന്നു. എറണാകുളം മഞ്ഞുമ്മൽ സ്വദേശിയായ കെ വിനോദ് (48) ആണ് കൊല്ലപ്പെട്ടത്. എറണാകുളം-പട്ന എക്സ്പ്രസിലാണ് സംഭവം നടന്നത്. ടിക്കറ്റ് ചോദിച്ചതിൻ്റെ പകയിലാണ് അതിഥി തൊഴിലാളിയായ യാത്രക്കാരൻ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത്.
പ്രതി ഒഡീഷ ഗഞ്ചാം ബഡഗോച്ച സ്വദേശി രജനികാന്ത രണജിത്തിനെ (42) ട്രെയിൻ പാലക്കാട്ട് എത്തിയപ്പോൾ കസ്റ്റഡിയിലെടുത്തു.എറണാകുളം– പട്ന എക്സ്പ്രസിൽ വൈകിട്ട് 6.45നു തൃശൂർ മുളങ്കുന്നത്തുകാവ് സ്റ്റേഷനടുത്തുവച്ചായിരുന്നു സംഭവം.
പ്രതി തള്ളിവീഴ്ത്തിയതിനെത്തുടർന്ന് വിനോദ് തൊട്ടടുത്ത ട്രാക്കിൽ മറ്റൊരു ട്രെയിനിന് അടിയിൽപെടുകയായിരുന്നുവെന്നാണു നിഗമനം. എസ് 11 കോച്ചിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത രജനികാന്തയോട് പാലക്കാട്ടെത്തുമ്പോൾ ഇറങ്ങണമെന്നു വിനോദ് നിർദേശിച്ചിരുന്നു. ഇതിനുശേഷം ഇദ്ദേഹം വാതിലിനടുത്തെത്തി വെള്ളം കുടിക്കുമ്പോൾ പ്രതി തള്ളിയിടുകയായിരുന്നുവെന്നാണു മറ്റു യാത്രക്കാർ നൽകുന്ന വിവരം.
മദ്യലഹരിയിലായിരുന്ന പ്രതി തങ്ങളെയും ആക്രമിക്കാൻ ശ്രമിച്ചതിനാൽ ചങ്ങല വലിക്കാൻ കഴിഞ്ഞില്ലെന്നും ഇവർ പറയുന്നു. പിന്നീട് സഞ്ജു അഗസ്റ്റിൽ, മാജി എന്നീ സഹ ടിടിഇമാരെ വിവരം അറിയിച്ചു. റെയിൽവേ പൊലീസും ആർപിഎഫും വരുമ്പോൾ ഇയാൾ കിടക്കുകയായിരുന്നു. എട്ടു മണിയോടെ ഇയാളെ പാലക്കാട് എത്തിച്ചു. 2 വനിതകൾ ഉൾപ്പെടെ 6 ടിടിഇമാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്.
റെയിൽവേ പൊലീസ് പി.ശശികുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. തൃശൂരിൽനിന്ന് 9 കിലോമീറ്റർ മാറിയാണ് മുളങ്കുന്നത്തുകാവ് സ്റ്റേഷൻ. ഇവിടെനിന്ന് ഒന്നര കിലോമീറ്റർകൂടി കഴിഞ്ഞ് മുളങ്കുന്നത്തുകാവ് ഓവർബ്രിജിനടുത്തു കണ്ടെത്തിയ മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

