ജസ്റ്റിസ് അനു ശിവരാമന്‍ കര്‍ണാടകയിലേക്ക്; മൂന്ന് ഹൈക്കോടതി ജഡ്ജിമാര്‍ക്ക് സ്ഥലംമാറ്റം

കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് അനുശിവരാമനുള്‍പ്പെടെ 3 ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റി. അനു ശിവരാമനെ കര്‍ണാടക ഹൈക്കോടതിയിലേക്കാണ് മാറ്റിയത്. ജസ്റ്റിസ് മൗഷുമി ഭട്ടാചാര്യ, ജസ്റ്റിസ് സുജോയ് പോള്‍ എന്നിവരാണ് മറ്റ് രണ്ട് പേര്‍. മൂന്ന് ഹൈക്കോടതി ജഡ്ജിമാരെയും അവരുടെ ആവശ്യപ്രകാരമാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയം സ്ഥലം മാറ്റത്തിന് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതത്.

ചൊവ്വാഴ്ച നടന്ന കൊളീജിയം യോഗത്തില്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, സൂര്യകാന്ത്, അനിരുദ്ധ ബോസ് എന്നിവരാണ് പങ്കെടുത്തത്. വ്യക്തിപരമായ കാരണങ്ങളാല്‍ കല്‍ക്കട്ടയിലെ ഹൈക്കോടതിയില്‍ നിന്ന് മറ്റേതെങ്കിലും ഹൈക്കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു ജസ്റ്റിസ് മൗഷുമി ഭട്ടാചാര്യ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് തെലങ്കാന ഹൈക്കോടതിയിലേക്കാണ് മൗഷുമിയെ മാറ്റിയത്. മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുജോയ് പോളിനെ തെലങ്കാന ഹൈക്കോടതിയിലേക്കാണ് മാറ്റിയത്.

ചീഫ് ജസ്റ്റിസ് എ.ജെ ദേശായി കഴിഞ്ഞാല്‍ സീനിയോറിറ്റിയില്‍ കേരള ഹൈക്കോടതിയിലെ അഞ്ചാമത്തെ ജഡ്ജിയാണ് ജസ്റ്റിസ് അനു. 2015 ഏപ്രില്‍ നാലിനാണ് കേരള ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി അവര്‍ നിയമിതയാകുന്നത്. 2017ല്‍ സ്ഥിരം ജഡ്ജിയായി. 2028 മെയ് 24 വരെ ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് അനു ശിവരാമന് കാലാവധിയുണ്ട്. കര്‍ണാടക ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് പി എസ് ദിനേശ് കുമാര്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതയാകുന്നത് 2015 ജനുവരിയിലാണ്. സീനിയോറിറ്റിയില്‍ രണ്ടാമനായ കെ. സോമശേഖര്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനാകുന്നത് 2016 നവംബറിലാണ്. ജസ്റ്റിസ് അനു ശിവരാമന്‍ ചുമതലയേല്‍ക്കുന്നതോടെ കര്‍ണാടക ഹൈക്കോടതിയിലെ സീനിയോറിറ്റിയിലെ രണ്ടാമത്തെ ജഡ്ജിയായി അവര്‍ മാറും. കാസര്‍കോഡ് സ്വദേശിയായ അനു കേരള ഹൈക്കോടതിയിലെ മുന്‍ ജഡ്ജി ശിവരാമന്‍ നായരുടെ മകളാണ്. 1991ല്‍ അഭിഭാഷകയായി എന്റോള്‍ ചെയ്ത ജസ്റ്റിസാണ് അനു ശിവരാമന്‍. 2010-11 കാലയളവില്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷല്‍ ഗവണ്‍മെന്റ് പ്ലീഡറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply