ചികിത്സ കിട്ടാതെ മരിച്ച വേണു ആരോഗ്യ കേരളം വെന്റിലേറ്ററിലായതിന്റെ മറ്റൊരു ഇര എന്ന് വി ഡി സതീശൻ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മതിയായ ചികിത്സ ലഭിക്കാതെ രോഗി
മരിച്ചെന്ന ആരോപണ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീഷൻ.കൊല്ലം പന്മന സ്വദേശിയായ വേണുവിന്റെ മരണത്തിന് ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനും ആരോഗ്യ വകുപ്പിനുമാണെന്ന് സതീശൻ ആരോപിച്ചു. ”വേണു മരിച്ചതല്ല; ഒൻപതര വർഷമായി തകർന്നടിഞ്ഞ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേർന്ന് കൊലപ്പെടുത്തിയതാണ്. ആരോഗ്യമന്ത്രിക്കും സർക്കാരിനും വേണുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തര ആൻജിയോഗ്രാമിന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വേണുവിന് ആറു ദിവസമായിട്ടും ചികിത്സ നൽകിയില്ല.നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും രോഗികളെ തിരിഞ്ഞു നോക്കുന്നില്ലെന്നു വേണു തന്നെ ശബ്ദ സന്ദേശത്തിൽ പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സർക്കാർ ആശുപത്രികളിൽ ചികിത്സാപിഴവും അനാസ്ഥയും തുടർച്ചായി ഉണ്ടാകുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ആരോഗ്യമന്ത്രിക്ക് എങ്ങനെയാണ് ഒരു ജാള്യതയുമില്ലാതെ ആ കസേരയിൽ ഇരിക്കാൻ സാധിക്കുന്നത്? രാജിവച്ച് ഉത്തരവാദിത്തബോധമുള്ള ആരെയെങ്കിലും മന്ത്രി സ്ഥാനം ഏൽപ്പിക്കുന്നതാണ് സാധാരണക്കാരുടെ ആരോഗ്യത്തിനും ജീവനും നല്ലത്. വേണുവിന്റെ ശബ്ദ സന്ദേശം മരണമൊഴിയായി പരിഗണിച്ച് ഉത്തരവാദികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം എന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ കേരളം വെന്റിലേറ്ററിലായതിന്റെ മറ്റൊരു ഇരയാണ് വേണു എന്നും അദേഹം കൂട്ടിച്ചേർത്തു

Leave a Reply