ചക്രവാതച്ചുഴി ന്യൂനമർദ്ദമാകാൻ സാധ്യത; കേരളത്തിൽ ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ചക്രവാതച്ചുഴി മധ്യ കിഴക്കൻ അറബിക്കടലിനു മുകളിൽ നവംബർ എട്ടിനു ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

നാളെ ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം വ്യാപകമായ മഴയ്ക്ക്‌ സാധ്യതയുണ്ട്. നവംബർ 9 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.1 മുതൽ 1.7 മീറ്റർ വരെയും തെക്കൻ തമിഴ്‌നാട് തീരത്ത് 1.0 മുതൽ 1.6 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകി. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply