ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കാർ തടഞ്ഞ് കരിങ്കൊടി കാണിച്ച സംഭവത്തിൽ പ്രതികളായ 7 എസ്എഫ്ഐ പ്രവർത്തകർക്ക് ഹോക്കോടതിയുടെ ഉപദേശം. ജാമ്യഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഉപദേശം. വിദ്യാർഥികൾ കൃത്യമായി ക്ലാസിൽ കയറണമെന്നും മാതാപിതാക്കളെ അനുസരിക്കണമെന്നും ഹൈക്കോടതി ജഡ്ജി സി എസ് ഡയസ് ഉപദേശിച്ചു.
മാതാപിതാക്കൾ നിർദേശിച്ച കൗൺസിലിങ്ങിന് കുട്ടികൾ വിധേയരാകണം. ഇവർ പഠിക്കുന്ന സ്ഥാപനങ്ങളിലെ അധികൃതർ നൽകുന്ന ഹാജർ പട്ടിക മൂന്ന് മാസം കൂടുമ്പോൾ ബന്ധപ്പെട്ട കോടതിയിൽ ഹാജരാക്കണമെന്നും കോടതി പറഞ്ഞു. ജാമ്യഹർജി പരിഗണിക്കുന്നതിന് മുമ്പ് ഹൈക്കോടതി ഹർജിക്കാരോടും മാതാപിതാക്കളോടും ഓൺലൈൻ മുഖേന സംസാരിച്ചു. കൃത്യമായി ക്ലാസിൽ കയറാമെന്നും മാതാപിതാക്കളെ അനുസരിക്കാമെന്നും കൗൺസിലിങ്ങിൽ പങ്കെടുക്കാമെന്നും വിദ്യാർഥികൾ അപ്പോൾ ഉറപ്പ് നൽകി.
കര്‍ശന നിര്‍ദ്ദേശങ്ങളോടെയാണ് ഹൈക്കോടതി ഏഴു വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ചത്. യദുകൃഷ്ണൻ, ആഷിഖ്, പ്രദീപ്, ആർ ജി ആഷിഷ്, ദിലീപ്, റയാൻ, അമൽ ഗഫൂർ, റിനോ സ്റ്റീഫൻ എന്നിവരാണ് കേസിലെ പ്രതികൾ. പ്രതിഷേധവുമായി ബന്ധപ്പെട്ട് നഷ്ടം വന്ന തുക 76,357 രൂപ കെട്ടിവയ്ക്കണമെന്നും പ്രതികൾക്ക് ലീഗൽ സർവീസസ് അതോറിറ്റി മുഖേന കൗൺസിലിംഗ് നൽകണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
25000 രൂപയുടെ ബോണ്ടും അതേ തുകക്ക് രണ്ടുപേർ ജാമ്യം നിൽക്കുകയും വേണം. കീഴ്ക്കോടതി ജാമ്യം നിഷേധിക്കപ്പെട്ടതോടെ 7 എസ്എഫ്ഐ പ്രവർത്തകരാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. സര്‍വകലാശാലകളിലെ കാവിവത്ക്കരണത്തിനെതിരെയുളള പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു ഗവർണർക്കെതിരെ തലസ്ഥാനത്തെ കരിങ്കൊടി പ്രതിഷേധം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

