ക്ഷേമ പെൻഷൻ അവകാശമല്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. സർക്കാർ നൽകുന്ന സഹായം മാത്രമാണ് ക്ഷേമ പെൻഷനെന്നാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ അറിയിച്ചത്. ക്ഷേമ പെൻഷൻ വിതരണം എപ്പോൾ നടത്തണമെന്ന് തീരുമാനമെടുക്കുന്നത് സർക്കാരാണ്. സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗം മാത്രമാണ് ക്ഷേമ പെൻഷൻ. നിയമം അനുശാസിക്കുന്ന പെൻഷൻ ഗണത്തിൽ പെടുന്നതല്ല ക്ഷേമ പെൻഷനെന്നും സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.
അഞ്ച് വിഭാഗങ്ങളിലായി സംസ്ഥാനത്ത് 45 ലക്ഷത്തിലധികം ആളുകൾക്ക് പെൻഷൻ നൽകുന്നുണ്ട്. പെൻഷൻ വിതരണത്തിനായി ഒരു മാസം 900 കോടി രൂപയാണ് സർക്കാരിന് ചെലവ്. ഇതിന് പുറമെ വെൽഫെയർ പെൻഷനുകൾക്കായി 90 കോടി രൂപ വേറെയും കണ്ടെത്തണം. സാമൂഹ്യപെൻഷൻ കൃത്യമായി വിതരണം ചെയ്യാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും സാമ്പത്തിക പ്രതിസന്ധി കാരണമാണ് പെൻഷൻ വിതരണം നടക്കാത്തതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം മുടങ്ങിയതിനെതിരായ ഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

