കോഴിക്കോട് കാപ്പാടും, പൊന്നാനിയിലും മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം

പൊന്നാനിയിലും കോഴിക്കോട് കാപ്പാടും മാസപ്പിറ കണ്ടതിനാൽ കേരളത്തിൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് ഖാളിമാർ അറിയിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുലൈലി, ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ, പാളയം ഇമാം വി.പി സുഹൈബ് മൗലവി തുടങ്ങിയ ഖാദിമാർ റമദാൻ പിറ കണ്ടത് സ്ഥിരീകരിച്ചു.

മാസപ്പിറ ദൃശ്യമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് റമദാൻ വ്രതം തുടങ്ങിയിരുന്നു. ഒമാനിലും ശഅ്ബാൻ 30 പൂർത്തിയാക്കി നാളെയാണ് നോമ്പ് തുടങ്ങുന്നത്. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെല്ലാം ഇന്നാണ് റമദാൻ തുടങ്ങിയത്. വിവിധ രാജ്യങ്ങളിലെ മതകാര്യ വകുപ്പുകൾ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.

റമദാൻ മാസത്തെ വരവേൽക്കാൻ ഇസ്‌ലാം മതവിശ്വാസികൾ നേരത്തെ ഒരുങ്ങിയിരുന്നു. ആത്മസംസ്‌കരണത്തിന്റെ ദിനരാത്രങ്ങളായാണ് റമദാനെ ഇസ്‌ലാം മത വിശ്വാസികൾ കാണുന്നത്. പുലർച്ചെ മുതൽ സൂര്യാസ്തമയം വരെ ഭക്ഷണവും വെള്ളവും വെടിഞ്ഞുള്ള ത്യാഗം, ഖുർആൻ പാരയണം, രാത്രിയിൽ തറാവീഹ് നമസ്‌കാരം, ദാനധർമങ്ങൾ, ഉദ്‌ബോധന ക്ലാസുകൾ എന്നിവയൊക്കെ റമദാനിൽ നടക്കും. ഇസ്‌ലാം മതവിശ്വാസികൾക്ക് അല്ലാഹുവിലേക്കുള്ള ആത്മസമർപ്പണത്തിന്റെ മാസം കൂടിയാണ് റമദാൻ. ആയിരം മാസത്തേക്കാൾ പുണ്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ലൈലത്തുൽ ഖദറടക്കമുള്ള പുണ്യരാത്രി റമദാനിലാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply