കോട്ടയം ജില്ലയിൽ ശക്തമായ മഴ ; ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. വേളൂര്‍ സെന്റ് ജോണ്‍ എല്‍.പി.എസ്, പുളിനാക്കല്‍ സെന്റ് ജോണ്‍ യു.പി.എസ്, കല്ലുപുരയ്ക്കല്‍ ഗവണ്‍മെന്റ് എല്‍.പി.എസ്, കല്ലുപുരയ്ക്കല്‍ ഗവണ്‍മെന്റ് യു.പി.എസ് എന്നീ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചതായി കളക്ടര്‍ അറിയിച്ചു.

അതേസമയം, അടുത്ത മൂന്നു മണിക്കൂറില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ തമിഴ്‌നാട് തീരത്ത് രാത്രി 11.30 വരെ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന ബോട്ട്, വള്ളം തുടങ്ങിയവ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply