കൊല്ലങ്കോട് വാഴപ്പുഴയിൽ പുലി കമ്പിവേലിയിൽ കുടുങ്ങി. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലാണ് സംഭവം. രാവിലെ ഏഴ് മണിയോടെയാണ് സംഭവം ഏവരും അറിയുന്നത്. പ്രദേശത്ത് അടുത്ത കാലത്തായി പുലി ശല്യം ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
പുലി വേലിയിൽ കുടുങ്ങിയ വിവരം അറിയിച്ചതിന് പിന്നാലെ തന്നെ വനംവകുപ്പ് സ്ഥലത്തെത്തി. നന്നായൊന്ന് കുതറിയാൽ ഒരുപക്ഷേ പുലിക്ക് ഈ കുടുക്കിൽ നിന്ന് രക്ഷപ്പെടാം. ഇങ്ങനെ പുലി രക്ഷപ്പെട്ടാൽ അത് അപകടമാണ്. ഈ ആശങ്കയും പ്രദേശത്ത് നിലവിലുണ്ട്. പുലിയെ മയക്കുവെടി വച്ച് പിടികൂടി കാട്ടിലേക്ക് തിരികെ വിടാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പ്രദേശത്ത് ആളുകളെ സുരക്ഷിതരാക്കി നിർത്താനും എത്രയും പെട്ടെന്ന് പുലിയെ പിടികൂടാനുമാണ് വനം വകുപ്പ് ശ്രമിക്കുന്നത്.
ഏകദേശം നാല് വയസ് പ്രായം വരുന്ന പെൺപുലിയാണ് കുടുങ്ങിയിരിക്കുന്നത്. വേലിക്കൽ പന്നിക്ക് വച്ച കുടുക്കിലാണ് പുലി വീണിരിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. വയറും കാലുമാണ് കമ്പിയിൽ കുരുങ്ങിയിരിക്കുന്നത്. പുലിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

