കൊയിലാണ്ടി ആര്‍ ശങ്കര്‍ മെമ്മോറിയല്‍ എസ്എൻഡിപി കോളേജില്‍ വിദ്യാര്‍ത്ഥി മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെൻഷൻ. രണ്ട് പരാതികളിലായി അഞ്ച് വിദ്യാര്‍ത്ഥികളെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
കോളേജ് യൂണിയൻ ചെയർമാൻ അഭയ് കൃഷ്ണ , എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അനുനാഥ് എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ട എസ്എഫ്ഐക്കാര്‍. ഇരുവരെയും പ്രതിയാക്കി നേരത്തെ തന്നെ കൊയിലാണ്ടി പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ വാര്‍ത്ത വരുന്നത്.
അമല്‍ എന്ന വിദ്യാര്‍ത്ഥിക്കാണ് കോളേജില്‍ മര്‍ദ്ദനമേറ്റത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായ അനുനാഥിന് അമലിനോടുള്ള വ്യക്തിവിരോധമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നാണ് എഫ്ഐആറില്‍ സൂചിപ്പിച്ചിട്ടുള്ളത്. കണ്ടാല്‍ അറിയാവുന്ന ഇരുപത് പേര്‍ക്കെതിരെയും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.അമലിനെ ക്ലാസില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി, കോളേജിന് സമീപത്ത് വച്ചുതന്നെ മര്‍ദ്ദിക്കുകയായിരുന്നുവത്രേ. പരാതികൾ അഞ്ചംഗ അന്വേഷണ കമ്മീഷൻ പരിശോധിക്കാനും തീരുമാനമായിട്ടുണ്ട്.
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി റാഗിംഗ് പരാതി നൽകി എന്നാണ് പ്രിൻസിപ്പൽ അറിയിക്കുന്നത്. ഈ പരാതിയില്‍ മൂന്ന് വിദ്യാര്‍ത്ഥികളെയും സസ്പെൻഡ് ചെയ്യുകയായിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

