കേസ് നൽകി ജയിലിലാക്കിയതിൽ വൈരാഗ്യം: യുവതിയെയും മകനെയും തീകൊളുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

കേസ് നൽകി ജയിലിലാക്കിയതിന്റെ വൈരാഗ്യത്തിൽ യുവതിയെയും മകനെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴംകുളം പൂഴിക്കാട്പടി പാലക്കോട്ട് താഴേവീട്ടിൽ രതീഷിനെയാണ് (39) അറസ്റ്റ് ചെയ്തത്. ഭർതൃമതിയായ ഏഴംകുളം വയലാ സ്വദേശി യുവതിക്കും മകനും നേരെ ഞായറാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. 

യുവതിയെയും മകനെയും വീട്ടിൽ കയറി മർദിച്ച ശേഷം പെട്രോൾ ദേഹത്ത് ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചപ്പോൾ ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. യുവതിയും മകനും ആശുപത്രിയിൽ ചികിത്സ തേടി. തുടർന്നാണ് രതീഷിനെതിരെ കേസെടുത്ത് ഇൻസ്പെക്ടർ ആർ.രാജീവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. രതീഷും യുവതിയും മുൻപ് സുഹൃത്തുക്കളായിരുന്നു. പിന്നീട് അകന്നു. തന്നെ ഉപദ്രവിച്ചെന്ന യുവതിയുടെ പരാതിയിൽ കഴിഞ്ഞ വർഷം രതീഷിനെ അറസ്റ്റ് ചെയ്ത് റിമാ‍ൻഡിലാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഇപ്പോൾ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. 

യുവതിയുമായുള്ള പ്രശ്നത്തിൽ ഫെബ്രുവരി 23ന് പറക്കോട് കോട്ടമുകളിൽ 110 കെവി വൈദ്യുതി ടവറിൽ കയറി രതീഷ് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഇയാളുടെ ഭാര്യയും സുഹൃത്തുക്കളും പൊലീസും പറഞ്ഞിട്ടും ഇറങ്ങാൻ കൂട്ടാക്കിയില്ല. സുഹൃത്തായ യുവതിയെ സ്ഥലത്തെത്തിച്ച് ഫോണിൽ സംസാരിച്ചതിനു ശേഷമാണ് അന്ന് ഇയാൾ താഴെയിറങ്ങിയത്. ഈ സംഭവത്തിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply