കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ പി.രവിയച്ചൻ അന്തരിച്ചു. 96 വയസായിരുന്നു. കേരളം ആദ്യമായി രഞ്ജി ട്രോഫി മത്സരം വിജയിച്ചപ്പോള്‍ ടീമംഗമായിരുന്നു. ഒന്നാം ക്ലാസ് ക്രിക്കറ്റില്‍ ആയിരം റണ്‍സും നൂറുവിക്കറ്റും നേടിയ ആദ്യ മലയാളിയാണ്. കേരള ക്രിക്കറ്റിന്റെ വളർച്ചയിൽ മുഖ്യ പങ്കാളിയായ അദ്ദേഹം 1952 മുതൽ 17 വർഷം രഞ്ജി കളിച്ചു. ബാറ്റ്സ്മാനായും ബൗളറായും ഒരുപോലെ തിളങ്ങി. 55 ഒന്നാം ക്ളാസ് മത്സരങ്ങളിൽ നിന്ന് നേടിയ 1107 റൺസും 125 വിക്കറ്റുമായി സംസ്ഥാനത്തെ ആദ്യത്തെ യഥാർഥ ഓൾറൗണ്ടർ ക്രിക്കറ്റർ എന്ന പദവിയും സ്വന്തമാക്കി. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ളബ് ആയിരുന്നു രവിയച്ചന്റെ തട്ടകം. രണ്ടുതവണ അദ്ദേഹം കേരള ടീമിന്റെ ക്യാപ്റ്റനായിരുന്നു.
തൃപ്പൂണിത്തുറ കോവിലകത്ത് അനിയൻ തമ്പുരാന്റെയും എറണാകുളം ചേന്ദമംഗലത്ത് പാലിയം തറവാട്ടിൽ കൊച്ചുകുട്ടി കുഞ്ഞമ്മയുടെയും മകനായി 1928 മാർച്ച് 12നായിരുന്നു രവിയച്ചന്റെ ജനനം. തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂൾ, ചേന്ദമംഗലം പാലിയം ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. തൃശൂർ സെൻറ് തോമസ് കോളജിലെ ഇൻറർമീഡിയറ്റിനു ശേഷം അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

