സർക്കാരിന്റെ കേരളീയം ആഘോഷത്തിന് തിരുവനന്തപുരത്ത് തുടക്കമായി. മുഖ്യമന്ത്രിക്കൊപ്പം കലാ, സാംസ്‌കാരിക മേഖലയിലെ പ്രമുഖരും ഉദ്ഘാടന ചടങ്ങിൽ അണിനിരന്നു. ധൂർത്ത് ആരോപിച്ച് പ്രതിപക്ഷം ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിന്നു. കേരളീയത്തെ ലോക ബ്രാൻഡാക്കുമെന്ന് മുഖ്യമന്തി പിണറായി വിജയൻ പറഞ്ഞു. ഇനി എല്ലാ വർഷവും കേരളീയം പരിപാടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേരളീയർ ആയതിൽ അഭിമാനിക്കുന്ന മുഴുവൻ ആളുകൾക്കും ആ സന്തോഷം ലോകത്തോട് പങ്കുവെക്കാനുള്ള അവസരമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ രംഗത്തും കേരളത്തിന് പ്രത്യേകതയുണ്ട്. ആർക്കും പിന്നിൽ അല്ല കേരളീയർ എന്ന ആത്മാഭിമാന പതാക ഉയർത്താൻ കഴിയണം. നമ്മുടെ നേട്ടങ്ങൾ അർഹിക്കുന്ന വിധം ലോകം തിരിച്ചറിഞ്ഞിട്ടില്ല. കേരളത്തെ ലോക സമക്ഷം അവതരിപ്പിക്കാനാണ് കേരളീയം പരിപാടിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇത്തരം ഉത്സവങ്ങളുടെ പേരിൽ ചില നഗരങ്ങൾ ലോകത്ത് അറിയപെടുന്നുണ്ട്. ആ മാതൃക നമുക്ക് പിന്തുടരാമെന്നും കേരളീയത്തെ ലോക ബ്രാൻഡാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ പല ഭാഗത്തെ വംശീയ സംഘർഷം തടയാനുള്ള ഒറ്റ മൂലിയാണ് ജാതി ഭേദം മത ദ്വേഷം ഇല്ലാതെ എല്ലാവരും ഒരുമിച്ചു കഴിയുന്ന കേരളമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

