സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ സ്‌പെഷ്യൽ സെൽഫി. സംസ്ഥാന സർക്കാരിന്റെ കേരളീയം മേളയിൽ മോഹൻലാൽ എടുത്ത സെൽഫിയിൽ മമ്മൂട്ടി, കമൽഹാസൻ, ശോഭന, എന്നിവർക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അണിനിരന്നിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ കേരളീയം മേളയിൽ വിശിഷ്ടാതിഥികളായിരുന്നു താരങ്ങൾ.
കേരളീയരായതിൽ അഭിമാനിക്കുന്ന മുഴുവൻ ആളുകൾക്കും ആ സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കാനും ലോകത്തോട് വിളിച്ചുപറയാനുമുള്ള അവസരമാണിതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ശോഭന എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, നിയമസഭാ സ്പീക്കർ എഎൻ ഷംസീർ, മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, എകെ ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, പി. രാജൻ, ആർ ബിന്ദു, വി അബ്ദുറഹ്‌മാൻ, കെഎൻ ബാലഗോപാൽ, മുഹമ്മദ് റിയാസ്, കെ രാധാകൃഷ്ണൻ, കെ കൃഷ്ണൻകുട്ടി തുടങ്ങിയവരും എംഎ യൂസഫലി ഉൾപ്പെടെയുള്ള വ്യവസായ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
തലസ്ഥാനത്തെ 41 വേദികളിലായി നവംബർ ഏഴ് വരെയാണ് ആഘോഷം. കിഴക്കേകോട്ടമുതൽ കവടിയാർവരെയുള്ള ഭാഗത്ത് 41 ‘കേരളീയം’ പ്രദർശനനഗരികളാണുള്ളത്. കല, സംസ്‌കാരം, വ്യവസായം, കാർഷികം മുതലായ വ്യത്യസ്തമേഖലകളിലെ മേളകൾ ഉണ്ടാവും. 25 പ്രദർശനങ്ങൾ, 400-ലധികം കലാപരിപാടികൾ, 3000 കലാകാരന്മാർ, 11 വ്യത്യസ്ത ഭക്ഷ്യമേളകൾ, ആറു വേദികളിൽ ഫ്ളവർ ഷോ, ഫിലിം ഫെസ്റ്റിവൽ, പുസ്തകമേള, 600-ലധികം സംരംഭകർ പങ്കെടുക്കുന്ന ട്രേഡ്ഫെയർ, എട്ടുകിലോമീറ്റർ നീളത്തിൽ ദീപാലങ്കാരം എന്നിങ്ങനെ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഇതുകൂടാതെ, കേരളവികസനത്തെ സംബന്ധിച്ചും സമകാലിക സംഭവങ്ങളെക്കുറിച്ചുമുള്ള 25 സെമിനാറുകളുമുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

